തിരുവനന്തപുരം: പകൽച്ചൂടിൽ അവർ വാടിപ്പോയില്ല. വൈകിട്ടെത്തിയ മഴയ്‌ക്കും അവരുടെ ആവേശം തണുപ്പിക്കാനായില്ല. സന്തോഷനിമിഷങ്ങളിൽ വേദന മറന്ന് കളിക്കളത്തിൽ പാറിനടന്നു.
ഒളിമ്പിക്‌സ് മാതൃകയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി നടത്തിയ ഇന്‍ക്ലൂസീവ് സ്‌പോർട്സ് നാടിന് അഭിമാനമായി. ട്രാക്കിൽ നിറഞ്ഞ കുട്ടികളോട് കേരളം ഒന്നായിപ്പറഞ്ഞു. ‘ഞങ്ങൾ കൂടെയുണ്ട്’.
എവിടെയും മത്സരത്തിന്റെ പിരിമുറുക്കമില്ലായിരുന്നു. ചിരിച്ചും കളിച്ചും കൂട്ടുകാരെപ്പോലെയായിരുന്നു. അത്‌ലറ്റിക്‌സ്, ഫുട്ബോള്‍, ഹാന്‍ഡ് ബോള്‍, ബാഡ്‌മിന്റണ്‍, ക്രിക്കറ്റ്, ബോക്സ് ബോള്‍ (ബോചെ) എന്നിവയുണ്ടായി.
ആണ്‍കുട്ടികള്‍ക്ക് ക്രിക്കറ്റും പെണ്‍കുട്ടികള്‍ക്ക് ബോക്‌സ് ബോളും ഈവര്‍ഷം ഉള്‍പ്പെടുത്തിയതാണ്. എല്ലാ ഇനങ്ങളിലും പങ്കെടുക്കാന്‍ 14 ജില്ലകളില്‍നിന്നും വിദ്യാര്‍ഥികളെത്തി. സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരും അധ്യാപകരും രക്ഷിതാക്കളും ഒപ്പമുണ്ടായി.
14 വയസിന് താഴെ, 14 വയസിന് മുകളില്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി 1944 കുട്ടികളാണ് അണിനിരന്നത്.
ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിൽ നടന്ന അത്‌ലറ്റിക്‌സിൽ മിക്‌സഡ് സ്‌റ്റാന്‍ഡിങ് ലോങ് ജമ്പ്, മിക്‌സഡ് സ്‌റ്റാന്‍ഡിങ് ത്രോ, 4×100 മീറ്റര്‍ റിലേ, കാഴ്‌ചപരിമിതര്‍ക്കുള്ള 100 മീറ്റര്‍ എന്നിവയായിരുന്നു ട്രാക്കിലും പിറ്റിലും. ഇതില്‍ 100 മീറ്റര്‍ മാത്രമാണ് വ്യക്തിഗത ഇനം.
കണ്ണ് മൂടിക്കെട്ടി ഗൈഡ് റണ്ണറുടെ സഹായത്തോടെയാണ് കുട്ടികള്‍ ഓടിയത്. ചുവടുപിഴയ്ക്കാതെ ഓരോരുത്തരും വേഗവര പൂര്‍ത്തിയാക്കി. മുന്നിലെത്തിയവരെ മാത്രമല്ല, പിന്നിലായവരെയും കാണികൾ ചേര്‍ത്തുപിടിച്ചു.
യൂണിവേഴ്സിറ്റി സ്‌റ്റേഡിയത്തിലായിരുന്നു ബോക്‌സ് ബോളും ഫുട്ബോളും. 30 മിനിറ്റായിരുന്നു ഫുട്ബോള്‍. പരിമിതികളെ മറന്ന് താരങ്ങള്‍ ഗോളുകള്‍ നേടുമ്പോള്‍ ഗ്യാലറിയും ആവേശത്തിമിര്‍പ്പിലായി. വെള്ളായണി കാര്‍ഷിക കോളേജ് ഗ്രൗണ്ടിൽ ക്രിക്കറ്റും ഹാന്‍ഡ്ബോളും നടന്നു. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ ബാഡ്മിന്റണും ആവേശംനിറച്ചു.
കഴിഞ്ഞവര്‍ഷംമുതലാണ് ഭിന്നശേഷി കുട്ടികള്‍ക്കായി ഇന്‍ക്ലൂസീവ് സ്‌പോര്‍ട്സ് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഉള്‍പ്പെടുത്തിയത്.
പാലക്കാടിന് ഓവറോള്‍ കിരീടം
അത്‌ലറ്റിക്‌സിലെ മികവില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്സിന്റെ ഓവറോള്‍ കിരീടം സ്വന്തമാക്കി പാലക്കാട്. കഴിഞ്ഞവര്‍ഷം രണ്ടാംസ്ഥാനക്കാരായ ജില്ല 10 സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി 90 പോയിന്റാണ് ഇത്തവണ നേടിയത്. 80 പോയിന്റുമായി കോഴിക്കോടാണ് രണ്ടാംസ്ഥാനത്ത്. നാല് സ്വര്‍ണവും ഏഴ് വെള്ളിയും രണ്ട് വെങ്കലവുമാണ് സമ്പാദ്യം.
കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ തിരുവനന്തപുരം 78 പോയിന്റോടെ മൂന്നാംസ്ഥാനത്തായി. നാല് സ്വര്‍ണവും എട്ട് വെള്ളിയും രണ്ട് വെങ്കലവുമാണ് നേട്ടം. അത്‌ലറ്റിക്‌സില്‍മാത്രം പാലക്കാടിന് 54 പോയിന്റുണ്ട്. എട്ട് സ്വര്‍ണവും രണ്ട് വെങ്കലവുമാണ് നേടിയത്. 46 പോയിന്റുള്ള തിരുവനന്തപുരമാണ് രണ്ടാംസ്ഥാനത്ത്. രണ്ട് സ്വര്‍ണവും ആറ് വെള്ളിയും രണ്ട് വെങ്കലവുമാണ് നേട്ടം. മൂന്നാമതുള്ള കോഴിക്കോടിന് 36 പോയിന്റാണ്. ഒരുസ്വര്‍ണവും അഞ്ച് വെള്ളിയും ഒരുവെങ്കലവുമാണുള്ളത്.
ഗെയിംസില്‍ കോഴിക്കോട്
ഇന്‍ക്ലൂസീവ് സ്‌പോര്‍ട്സ് ഗെയിംസിന്റെ ഓവറോള്‍ കിരീടംചൂടി കോഴിക്കോട്. മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമായി 44 പോയിന്റാണുള്ളത്. രണ്ടാംസ്ഥാനത്ത് പാലക്കാടാണ്. രണ്ടുവീതം സ്വര്‍ണവും വെള്ളിയും വെങ്കലവുമായി 36 പോയിന്റാണ് നേട്ടം. മൂന്നാംസ്ഥാനത്തുള്ള തിരുവനന്തപുരത്തിന് രണ്ടുവീതം സ്വര്‍ണവും വെള്ളിയും ഉള്‍പ്പെടെ 32 പോയിന്റാണ്.
