ഭിന്നശേഷിക്കാർക്കുള്ള കുടുംബപെൻഷന് വരുമാനപരിധി ഏർപ്പെടുത്തി

സർക്കാർ ജീവനക്കാരായിരുന്ന മാതാപിതാക്കളുടെ മരണത്തോടെ ഒറ്റപ്പെട്ടുപോയ ഭിന്നശേഷിക്കാരായ മക്കൾക്ക് കുടുംബപെൻഷൻ ലഭിക്കുന്നതിന് വരുമാനപരിധി ഏർപ്പെടുത്തി.

വരുമാനപരിധിയെ എതിർത്ത മുൻ ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ സ്ഥാനമൊഴിയുന്നതുവരെ കാത്തുനിന്നശേഷമാണ്, ജൂലായിൽ തയ്യാറാക്കിയ ഉത്തരവ് അടുത്തിടെ പുറത്തിറക്കിയത്. കുടുംബപെൻഷൻ ലഭിക്കുന്നതിന് അവിവാഹിതരും 25-നുമുകളിൽ പ്രായമുള്ളവരുമായ പെൺമക്കൾക്ക് വാർഷിക വരുമാനപരിധി 60,000 രൂപയായി നിശ്ചയിച്ചു.

ധനവകുപ്പിലെ പെൻഷൻ വിഭാഗത്തിനോട്, അക്കൗണ്ടന്റ് ജനറൽ ഭിന്നശേഷി പെൻഷൻ സംബന്ധിച്ച് തേടിയ വിശദീകരണത്തിൽ വ്യക്തത വരുത്തുന്നെന്ന രീതിയിലാണ് പുതിയ ഉത്തരവിറക്കിയത്. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഭിന്നശേഷിക്കാർക്ക് നേരത്തേ പെൻഷൻ അനുവദിച്ചിരുന്നത്.

ചിലർ സാമൂഹികനീതി മന്ത്രാലയം നൽകിയിരുന്ന പെർമനന്റ് ഡിസെബിലിറ്റി സർട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. പുതിയ ഉത്തരവുപ്രകാരം ഭിന്നശേഷിക്കാർക്കുള്ള ഏകീകൃത തിരിച്ചറിയൽ കാർഡാണ് പെൻഷനായി ഹാജരാക്കേണ്ടത്. എന്നാൽ സംസ്ഥാനത്തെ എല്ലാ ഭിന്നശേഷിക്കാർക്കും ഇതുവരെ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തിട്ടില്ല.

വരുമാനപരിധിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനെ മുൻ ഭിന്നശേഷി കമ്മിഷണർ എതിർത്തിരുന്നു. സർവീസ് പെൻഷൻ ലഭിക്കുന്നതിന് വരുമാനം മാനദണ്ഡമല്ലെന്നതാണ് ഇതിനു കാരണം. വരുമാനപരിധി സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധവുമാണ്. ഭിന്നശേഷിക്കാർക്ക് കുടുംബപെൻഷൻ നൽകുന്ന കാര്യത്തിൽ ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്താൻ കാലങ്ങളായി സംഘടിതശ്രമം നടന്നിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Exit mobile version