ഭിന്നശേഷിക്കാർക്ക് തൊഴിലിടം പ്രവർത്തനമാരംഭിച്ചു

കേരളത്തിൽ ഭിന്നശേഷിക്കാർക്ക് തൊഴിലിടങ്ങൾ ഒരുക്കി സമൂഹത്തിൻറെ മുഖ്യധാരയിൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ‘ഇടം’ പോയിന്റുകൾ പ്രവർത്തനമാരംഭിച്ചു.

സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷനും സംസ്ഥാന പന ഉൽപ്പന്ന വികസനകോർപ്പറേഷനും (കെൽപ്പാം) സംയുക്തമായാണ് പന ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന കേന്ദ്രങ്ങളെ ഇടം (Initiative for the Differently Enabled Movement points -IDAM ) എന്ന് പേര് നൽകി സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നത്.

പദ്ധതികളുടെ സംസ്‌ഥാനതല ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു. തിരുവനന്തപുരം നഗരസഭ പരിധിയിൽ ആരംഭിക്കുന്ന 12 നൊങ്ക് ബങ്കുകളുടെ താക്കോൽ കൈമാറി.

ഇടം പദ്ധതിയുടെ ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ നഗരസഭ പരിധിയിൽ വ്യാപാരസാധ്യതയുള്ള തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാണ് ഇടം കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുള്ളത്.

കെൽപ്പാമിന്റെ ഉൽപ്പന്നങ്ങളായ പനംകൽക്കണ്ട്, കരുപ്പട്ടി, വിവിധതരം ജ്യൂസുകൾ, നൊങ്ക് സർബത്ത്, ചുക്ക് കാപ്പി എന്നിവയാണ് പ്രധാനമായും കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാകുക. അതോടൊപ്പം ഭിന്നശേഷിക്കാർ നിർമിക്കുന്ന ഉൽപ്പന്നങ്ങളും പാൽ ഉൾപ്പെടെയുള്ള മറ്റ് അംഗീകൃത ഉൽപ്പന്നങ്ങളും കേന്ദ്രങ്ങളിലൂടെ വിൽപ്പന നടത്തും.

ഇടം ബങ്ക് നിർമാണത്തിനാവശ്യമായ തുക ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ വായ്പയായി നൽകും. ഈ ലോണും അതിന്റെ പലിശയും കെൽപ്പാം തിരിച്ചടിക്കും. ഭിന്നശേഷിക്കാരൻ പ്രതിമാസം നിശ്ചയിക്കപ്പെട്ട വാടക നൽകണം.

ലോൺ കാലാവധി തീരുന്ന മുറയ്ക്ക് സർക്കാർ സബ്സിഡി (പരമാവധി 20,000 രൂപ) അർഹതപ്പെട്ട ഭിന്നശേഷിക്കാരന് ഭിന്നശേഷി കോർപ്പറേഷൻ നൽകും.ഉൽപ്പന്നങ്ങൾ ആവശ്യപ്പെടുന്ന മുറയ്ക്ക് കെൽപാം നൽകും. ആദ്യ മാസത്തിൽ കച്ചവടം നടത്തിയതിനുശേഷം ഉൽപ്പന്നങ്ങളുടെ തുക നൽകണം.

ഇടം പോയിന്റുകളിലേക്ക് പദ്ധതിയുടെ ഗുണഭോക്താക്കളെ നിയമിക്കുന്നത് ഭിന്നശേഷിക്ഷേമ കോർപ്പറേഷനും കെൽപ്പാമും ചേർന്നുള്ള കമ്മിറ്റിയാണ്. ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ അർഹമായ അപേക്ഷകൾ സ്വീകരിച്ച്, ഇന്റർവ്യൂ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കും. ഈ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കും.

ഭിന്നശേഷിക്കാരൻ ഏതെങ്കിലും സാഹചര്യത്തിൽ ബങ്ക് നടത്തിപ്പ് അവസാനിപ്പിക്കുകയാണെങ്കിൽ റാങ്ക് ലിസ്റ്റിലുള്ള അടുത്ത ആളെ പരിഗണിക്കും. ശാരീരിക പരിമിതികളെ മറികടന്ന് സമൂഹത്തിന്റെ മുൻനിരയിലേക്കുള്ള വളരാനുള്ള അഭിലാക്ഷം ഭിന്നശേഷിക്കാരിൽ ഉണ്ടാക്കിയെടുക്കണമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

വിദ്യാഭ്യാസ മേഖലയിലും തൊഴിൽ മേഖലയിലും ഉയരങ്ങൾ കീഴടക്കാൻ ഇത്തരം പദ്ധതികൾ ഉപകരിക്കും.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button