അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം ‘ഉണര്‍വ് 2021’ മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം ‘ഉണര്‍വ് 2021’ ഡിസംബര്‍ മൂന്നിന് തൃശൂര്‍ വികെഎന്‍ മേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പുമന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും.

സ്തുതൃര്‍ഹമായ സേവനത്തിനു സര്‍ക്കാര്‍ സ്വകാര്യ-പൊതുമേഖലകളിലെ ഭിന്നശേഷിക്കാരായ ജീവനക്കാര്‍, കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനങ്ങള്‍, ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്കു സംസ്ഥാന സര്‍ക്കാര്‍ എല്ലാ വര്‍ഷവും നല്‍കിവരുന്ന അവാര്‍ഡ് ദാനം ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി മന്ത്രി നിര്‍വഹിക്കും.

എംഎല്‍എ പി. ബാലചന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

കലാ-കായിക രംഗത്ത് ഉന്നത നിലവാരം പുലര്‍ത്തുന്ന ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കായി വകുപ്പു പുതുതായി ആരംഭിക്കുന്ന ശ്രേഷ്ഠം, സുനീതി പദ്ധതികളുടെ പ്രഖ്യാപനം സാമൂഹ്യ നീതി വകുപ്പു മന്ത്രി നടത്തും.

സഹായ ഉപകരണ പ്രദര്‍ശന പവലിയന്‍ ഉദ്ഘാടനം പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗ ക്ഷേമ – ദേവസ്വം വകുപ്പുമന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിക്കും.

ഭിന്നശേഷി അവകാശ നിയമം, വകുപ്പിന്റെ പദ്ധതികള്‍ സംബന്ധിച്ച കൈപുസ്തക പ്രകാശനം റവന്യൂ-ഭവന നിര്‍മാണ വകുപ്പുമന്ത്രി കെ. രാജന്‍ നിര്‍വഹിക്കും.

തൃശൂര്‍ എംപി ടി.എന്‍. പ്രതാപന്‍, തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ എം.കെ. വര്‍ഗീസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിഡ് മാസ്റ്റര്‍, സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍, തൃശൂര്‍ ജില്ലാ കലക്ടര്‍ ഹരിത വി. കുമാര്‍, വികലാംഗ ക്ഷേമ കോര്‍പറേഷന്‍ എംഡി (ഇന്‍ചാര്‍ജ്) ജലജ എസ്, നിപ്മര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഇന്‍ചാര്‍ജ്) ചന്ദ്രബാബു സി., നാഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡി. ജേക്കബ് എന്നിവര്‍ പങ്കെടുക്കും.

സാമൂഹ്യ നീതി വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ് സ്വാഗതവും ഡയറക്ടര്‍ എം. അഞ്ജന ഐഎഎസ് കൃതജ്ഞതയും രേഖപ്പെടുത്തും.

ഭിന്നശേഷിക്കാരുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

Exit mobile version