തീരുവനന്തപുരം: ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായി വീല്‍ചെയറില്‍ ജീവിതം തള്ളി നീക്കുന്ന ഗായികയായ യുവതിക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടല്‍.
ഒരു വര്‍ഷമായി പ്രാഥമികാവശ്യത്തിനു പോലും വെള്ളം ഇല്ലാതെ നരകജീവിതം നയിക്കുകയായിരുന്ന സൗമ്യ പുരുഷോത്തമന്‍ എന്ന യുവതിക്കും വൃദ്ധരായ മാതാപിതാക്കള്‍ക്കുമാണ് മന്ത്രിയുടെ ഓഫീസിലെത്തി പരാതി ബോധിപ്പിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ കുടിവെള്ള കണക്ഷന്‍ ലഭിച്ചത്. വെള്ളം കിട്ടിയശേഷം വീട്ടിലെത്തുമെന്ന വാഗ്ദാനവും മന്ത്രി പാലിച്ചു.
തിരുവനന്തപുരം പേരൂര്‍ക്കട അഭയനഗര്‍ 137 ല്‍ മൂക്കാല്‍ സെന്റ് പുരയിടത്തിലാണ് സൗമ്യയും കുടുംബവും താമസിക്കുന്നത്. സൗമ്യ 60 ശതമാനം വികലാംഗയാണ്. അച്ഛനും അമ്മയും രോഗബാധിതരായതോടെ കുടിവെള്ളം ചുമന്ന് എത്തിക്കാന്‍ പോലും ബുദ്ധിമുട്ടായ സാഹചര്യമായിരുന്നു.
സൗമ്യയ്ക്ക് അടുത്തിടെ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടത്തി. ഇതോടെ ജീവിതം പൂര്‍ണമായും വീല്‍ചെയറിലേക്ക് മാറി. കോഴിക്കോട് ഒരു വര്‍ഷത്തോളം നീണ്ട ചികിത്സ കഴിഞ്ഞു മടങ്ങിയെത്തിയപ്പോള്‍ വീട്ടിലേക്കുള്ള വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ചിരിക്കുന്നതായി മനസിലായി.
അന്നു മുതല്‍ കണക്ഷന്‍ ലഭിക്കാന്‍ മുട്ടാത്ത വാതിലുകളില്ല. ചില സാങ്കേതിക തടസ്സങ്ങള്‍ മൂലമാണ് വാട്ടര്‍ അതോറിറ്റിക്ക് ഇവിടേക്ക് കണക്ഷന്‍ നല്‍കാന്‍ സാധിക്കാതിരുന്നത്.
വെള്ളം ലഭിക്കാതായതോടെ പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും ബുദ്ധിമുട്ടായി. ശുചിമുറിയില്‍ വെള്ളം ഇല്ലാത്തതിനാല്‍ ഉപയോഗം കുറയ്ക്കാന്‍ ഭക്ഷണവും വെള്ളവും പേരിനു മാത്രമാക്കിയിരുന്നുവെന്ന് സൗമ്യ പറയുന്നു. ഒടുവില്‍ മന്ത്രിയെ നേരില്‍ കണ്ട് പരാതി സമര്‍പ്പിക്കാമെന്ന തീരുമാനിച്ചു.
അമ്മയ്‌ക്കൊപ്പം ഓഫീസില്‍ സൗമ്യ എത്തിയപ്പോള്‍ മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യമന്ത്രി കൂടി പങ്കെടുക്കുന്ന ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ പങ്കെടുക്കുകയായിരുന്നു. വിവരം അറിഞ്ഞതോടെ മുഖ്യമന്ത്രിയുടെ അനുവാദത്തോടെ സൗമ്യയുടെ അടുക്കല്‍ എത്തി വിവരങ്ങള്‍ ആരാഞ്ഞു.
സാങ്കേതിക തടസ്സങ്ങള്‍ നീക്കി കുടിവെള്ള കണക്ഷന്‍ അടിയന്തരമായി നല്‍കാന്‍ അപ്പോള്‍ തന്നെ ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
ബുധനാഴ്ച വൈകിട്ടോടെ അധികൃതര്‍ കണക്ഷന്‍ നല്‍കുകയും ചെയ്തു. ഇന്നലെ സ്ഥലം എംഎല്‍എ വി.കെ. പ്രശാന്തിനൊപ്പം മന്ത്രി സൗമ്യയുടെ വീട്ടിലെത്തി. ഗായികയായ സൗമ്യ പാട്ടുപാടിയാണ് മന്ത്രിയെയും എംഎല്‍എയും വരവേറ്റത്.