ഭിന്നശേഷി സൗഹൃദം എത്രമാത്രം നടപ്പാക്കുന്നുണ്ട് നമ്മുടെ നാട്ടിൽ? പുതിയതായി പണിയുന്ന കെട്ടിടങ്ങളിൽ റാംപുകൾ വേണമെന്ന സർക്കാർ അറിയിപ്പുകളുണ്ട്.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പലയിടങ്ങളിലും റാംപ് സൗകര്യങ്ങളുണ്ട്. എന്നാൽ എല്ലായിടത്തെയും സ്ഥിതി ഇതാണോ? വീൽ ചെയർ ഉരുട്ടി റോഡിലേക്കിറങ്ങിയാലുള്ള അവസ്ഥ എത്ര മനോഹരമാണെന്ന് അത് അനുഭവിച്ചവർക്കറിയാം.
വീൽ ചെയർ സൗകര്യങ്ങൾ നന്നായി പ്രവർത്തിക്കുന്ന പല വിനോദസഞ്ചാര ഇടങ്ങളും കേരളത്തിലുണ്ട്. ചെറിയ അസൗകര്യങ്ങൾ ശ്രദ്ധിക്കാതെയിരുന്നാലും പലയിടത്തും വീൽ ചെയർ ഉപയോഗിക്കാൻ സൗകര്യമുണ്ട്.
റോഡ് നിർമാണങ്ങളുടെ അപാകത മൂലം അരികിലെ കട്ടിങ് എഡ്ജ് പോലെയുള്ള ഇടങ്ങളിലൂടെ എങ്ങനെയാണ് ധൈര്യത്തോടെ വീൽ ചെയർ ഉരുട്ടി സഞ്ചരിക്കാനാവുക? അതൊക്കെ ഭിന്നശേഷിക്കാർ അനുഭവിക്കുന്ന അനീതിയുടെ മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ്.
ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നതാണ് പ്രഖ്യാപിത ലക്ഷ്യമെന്നു സർക്കാർ പ്രസ്താവിച്ചിട്ടു നാലു വർഷത്തിനിപ്പുറവും ഇവിടെ പ്രത്യേകിച്ചൊന്നും നടക്കുന്നില്ല എന്നത് ഒട്ടും ആശ്വാസകരമല്ല.
പലയിടത്തും ഭിന്നശേഷി സൗഹൃദം ആക്കാൻ ചിലതൊക്കെ ചെയ്തതായി പറഞ്ഞു കേൾക്കും, ചെല്ലുമ്പോഴാണ് മനസ്സിലാകുക തീരെ പ്രായോഗികബുദ്ധിയോടെയല്ല അവിടെ ഒരുക്കുന്ന കാര്യങ്ങൾ എന്നത്.
രണ്ടുകൊല്ലം മുൻപ് ആലപ്പുഴ ബീച്ചിൽ ഭിന്നശേഷിക്കാർക്കു കടൽ കാണാനായി പണി കഴിപ്പിച്ച റാംപ് ഒരു പ്രഹസനമായി തുടരുന്നു. അതിന്റെ ജോലികൾ കഴിഞ്ഞതിനു ശേഷമാണ് അവിടെ പോയത്.
പാർക്കിങ്ങിനരികെ ഒരു ചെറിയ റാംംപ് ഉണ്ട് എന്നത് സത്യമാണ്. അത് അവിടെയെത്തുന്ന, ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് കാഴ്ചകൾ കാണാൻ ഉതകുന്നതല്ല.
കടൽ കാണാൻ സാധിക്കില്ല എന്നതൊഴിച്ചാൽ വേറേ കുഴപ്പമൊന്നുമില്ല. ഉദ്ഘാടനം കഴിഞ്ഞ ശേഷം വരുമെന്നു പറഞ്ഞ ടോയ്‌ലെറ്റ് അടക്കമുള്ള മറ്റു സൗകര്യങ്ങളുടെ നിർമാണം പിന്നെ നടന്നിട്ടുമില്ല.
ഇതിനെ ഭിന്നശേഷി സൗഹൃദം എന്നു വിളിക്കാൻ പോലുമാകില്ല. ഭിന്നശേഷി സൗഹൃദ ബീച്ച് എന്നാൽ കടലിലേക്കായിരിക്കണം റാംപ്!
അതൊന്നും കണ്ടിട്ടോ അതിനെപ്പറ്റി കേട്ടിട്ടോ പോലും ഉള്ളവരല്ല ഇതിന്റെ പ്ലാനിങ്ങിൽ ഉൾപ്പെട്ടത് എങ്കിൽപിന്നെ എന്തു പറയാൻ!
ബാരിയർ ഫ്രീ പദ്ധതി പ്രകാരം സൗകര്യങ്ങളൊരുക്കിയ ആദ്യ ഭിന്നശേഷി സൗഹൃദ ബീച്ചാണ് ആലപ്പുഴ ബീച്ച് എന്നൊക്കെ പറയുമ്പോൾ മുനമ്പം ബീച്ചിലൊക്കെ ഇതിനും മുൻപുതന്നെ കടലിലേക്ക് വീൽചെയറിൽ ഇറങ്ങാൻ സാധിക്കുമായിരുന്നു എന്ന വസ്തുത മറക്കരുത്.
വീൽചെയറിൽ കറങ്ങാൻ വിശാലമായൊരു ഏരിയയും ഉണ്ടവിടെ.
കേരളത്തിന്റെ സ്കോട്ട്ലൻഡ്
പ്രകൃതി കനിഞ്ഞു നൽകിയ മൊട്ടക്കുന്നുകളുടെ സൗന്ദര്യം ആവോളം നിറഞ്ഞുനിൽക്കുന്ന, വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം. കേരളത്തിന്റെ സ്കോട്ട്ലൻഡ് എന്നറിയപ്പെടുന്ന വാഗമൺ.
അവിടത്തെ സൂയിസൈഡ് പോയിന്റ് എന്നറിയപ്പെട്ടിരുന്ന സ്ഥലം സർക്കാർ നൂറുകോടിയോളം രൂപ മുടക്കി നവീകരിച്ചു മനോഹരമായ ഇക്കോ അഡ്വഞ്ചർ പാർക്ക് ആക്കി.
ഏതാണ്ട് നൂറേക്കർ വരുന്ന ഈ ഏരിയയിൽ ധാരാളം നടപ്പാതകളും പാർക്കിങ് സ്ഥലങ്ങളും റോഡുകളും ഒക്കെ ടൈൽ വിരിച്ചു സൗകര്യപ്രദം ആക്കിയിട്ടുണ്ട്. കൂടാതെ വാച് ടവറുകളും റെയിൻഷെഡ്ഡുകളും ഒരു ആംഫി തിയേറ്ററും (പബ്ലിക് സ്റ്റേജ്) ഒക്കെയുണ്ട് ഇവിടെ.
എന്നാൽ ഈ പറഞ്ഞിടത്തൊന്നും വീൽചെയറില്‍ പോകാനാവില്ല എന്നതാണ് ദുഃഖകരമായ വസ്തുത.
വീൽചെയറിൽ വരുന്നവർക്ക് കറങ്ങി നടക്കാൻ ധാരാളം സ്ഥലമുണ്ടെന്നതു ശരിയാണ്, കാലാവസ്ഥാമാറ്റം വരുന്ന ഇവിടെ മഴ വന്നാൽ കയറിയിരിക്കാൻ അവിടെയുള്ള മഴക്കൂടാരങ്ങളിൽ ഒന്നിനും ഒരു റാംപ് ഇല്ല എന്നത് വളരെ കഷ്ടമാണ്, അനീതിയാണ്.
വാച്ച് ടവറിലേക്ക് വീൽചെയർ എടുത്തു കയറ്റാൻ പോലും അവർ സമ്മതിക്കില്ല. നൂറുകോടി ഒക്കെ മുടക്കുമ്പോൾ അവിടെ ഒരു ലിഫ്റ്റോ കുറച്ചെങ്കിലും ഉയരത്തിലേക്ക് റാംപോ പണിയുന്നതിൽ എന്താണ് കുഴപ്പം?
ഈ കാലത്തുതന്നെ പണി കഴിച്ച ചടയമംഗലം ജടായു അഡ്വഞ്ചർ പാർക്കിൽ മികച്ച സൗകര്യങ്ങൾ ഉണ്ടെന്നാണ് കേട്ടത്, അതുപോലെ ഇവിടെയും ആ സൗകര്യങ്ങൾ വരുത്താവുന്നതേ ഉള്ളൂ.
തേക്കടിയിലെ തടാകവും ബോട്ടിങ്ങും
വിനോദസഞ്ചാരികളുടെ ഒരു പ്രധാന ആകർഷണകേന്ദ്രമാണ് തേക്കടിയിലെ തടാകവും ബോട്ടിങ്ങും. അവിടം ഭിന്നശേഷി സൗഹൃദമാക്കി എന്നൊരു വാർത്ത കണ്ടിരുന്നു.
കമ്മിറ്റി എന്തൊക്കെയോ പാസാക്കിയിട്ടും കാലം കുറേയായി. പക്ഷേ ഇതൊന്നും അവിടെയുള്ളവർക്ക് വലിയ പിടിയില്ല ഇപ്പോഴും.
ബോട്ടിങ്ങിനു പോകേണ്ടവർ ഏകദേശം നാല് കിലോമീറ്റർ അവരുടെ ബസ്സിൽ കയറി വേണം തടാകത്തിന്റെ കരയിൽ എത്താൻ, എന്നാൽ ആ ബസ് വീൽചെയർ കയറുന്നതല്ല!
ഇതിനെതിരെ ധാരാളം പരാതികളും നിയമനടപടികളും ഉണ്ടായ ശേഷമാണ് വീൽചെയറിലെത്തുന്നവരുടെ വാഹനം കാട്ടിലേക്ക് കടത്തി വിടാൻ അനുമതി ആയത്.
സ്വന്തം വാഹനം പോകാൻ നമ്മൾ അവിടെ ചെന്നു പറയണം, പക്ഷേ അതിനും കൃത്യമായ രൂപരേഖ ഒന്നുമില്ല, തടാകക്കരയിൽ പാർക്കിങ്ങും ഇല്ല.
അടുത്തുള്ള ഒരു ഹോട്ടലിൽ അവരുടെ ഔദാര്യത്തിൽ പാർക്ക് ചെയ്യാമെന്ന് മാത്രം. ബസിൽ വീൽചെയർ കയറ്റാൻ പറ്റില്ലെങ്കിലും ബസ് ഇറങ്ങുന്നിടത് റാംപ് ഒക്കെയുണ്ട് എന്നതാണ് രസകരം.
ബോട്ടിലേക്ക് കയറാൻ റാംപൊന്നുമില്ല, മൂന്നുനാലുപേർ താങ്ങിപ്പിടിച്ചു വേണം പടികളും കുത്തനെ ഉള്ള ഇറക്കവുമൊക്കെ താണ്ടാൻ.
ബോട്ടിൽ കയറാനും പ്ലാറ്റ്ഫോമൊന്നുമില്ല, അവിടെയും പൊക്കിയെടുക്കണം. ഇതൊക്കെ ചില ഉദാഹരണങ്ങൾ മാത്രം.
ഇനി, ഇങ്ങനെയുള്ള സ്ഥലങ്ങളിലൊക്കെ വീൽചെയറിൽ പോകേണ്ട ആവശ്യമുണ്ടോ എന്നാണെങ്കിൽ, ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും നോക്കൂ എന്നാണു മറുപടി.
ചെങ്കുത്തായ മലകൾ അടക്കം ഇതിലും എത്രയോ ബുദ്ധിമുട്ടുള്ള സ്ഥലങ്ങൾ ഒക്കെ അവർ എത്ര ഭംഗിയായി എല്ലാവർക്കും എത്താൻ പാകത്തിൽ ആക്കിയിരിക്കുന്നു!
താമസ സൗകര്യമാണ് മറ്റൊരു പ്രധാന പ്രശ്നം. 3 സ്റ്റാറിന് മുകളിൽ ഉള്ള ഹോട്ടലുകളിൽ ഇപ്പോൾ ഒരു ഭിന്നശേഷി സൗഹൃദ മുറി നിർബന്ധമാണെന്ന് നിയമം ഉണ്ടെങ്കിലും അതും പലപ്പോഴും ഒരു റാംപിൽ ഒതുങ്ങും.
അതല്ലെങ്കിൽ അവിടുത്തെ ജീവനക്കാർക്കു പോലും ഇതിനെപ്പറ്റി ഒരു ധാരണ ഉണ്ടാവില്ല.
ഒരിക്കൽ ഒരു ഹോട്ടലിൽ എത്തിയപ്പോഴുള്ള അനുഭവം ഓർക്കുന്നു, അവിടെ വീൽചെയർ കയറുന്ന ബാത്‌റൂം ഉണ്ട് അതിനെപ്പറ്റി അവർക്കുതന്നെ അറിയില്ലായിരുന്നു.
മറ്റു പലയിടത്തും ഇത്തരം സൗഹൃദമുറികൾ അവർ പണി കഴിപ്പിച്ചെങ്കിലും അതിൽ പലതിലും വീൽചെയർ കടക്കുകയുമുണ്ടായിരുന്നില്ല.
ഈ സ്റ്റാർ നിബന്ധന മാറ്റി എല്ലാ സ്ഥലങ്ങളിലും മിനിമം ഒരു ഹോട്ടൽ എങ്കിലും ഭിന്നശേഷിക്കാർക്കുള്ളത് ഉണ്ടെന്നുറപ്പു വരുത്തണം. അതുപോലെതന്നെ കേരളത്തിലെ സിനിമാ തിയറ്ററുകൾ. ഒരിടത്തുപോലും പൂർണമായും ഭിന്നശേഷി സൗഹൃദം എന്ന് പറയുക അസാധ്യം.
പരിഗണിക്കപ്പെടാതെ മാറ്റിനിർത്തപ്പെട്ടിരുന്ന ഒരു വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലക്കു കൈപിടിച്ചുയർത്തുകയാണ് ലക്ഷ്യം എന്നൊക്കെ പറയുമ്പോൾ, അതിനുവേണ്ടി കോടികൾ ചെലവഴിക്കുമ്പോൾ അതു കൃത്യമായി ഫലം കാണുന്നു എന്നുകൂടി ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ കടമയാണ്.
ഒരു കാര്യം ചെയ്യുമ്പോൾ, അതിന്റെ ഗുണം കിട്ടേണ്ടവർക്കു കിട്ടുന്നു എന്നുറപ്പുവരുത്തണം.
ഒരു സ്ഥാപനം ഭിന്നശേഷി സൗഹൃദം എന്നു പറയുമ്പോൾ അത് കേവലം ഒരു റാംപ് മാത്രമല്ല. അവർ വരുന്ന വാഹനം ആ റാംപിന്റെ ഏറ്റവും അടുത്തായി പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടാവണം.
പാർക്കിങ് തിരഞ്ഞുനടക്കേണ്ട സാഹചര്യം ഒഴിവാക്കി കൃത്യമായ സൂചികകൾ വേണം.
പൊതുവിടങ്ങളിൽ ഭിന്നശേഷി സൗകര്യങ്ങൾ ഒരുക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നത് ഇനിയെങ്കിലും ഉത്തരവാദിത്തമുള്ളവർ വ്യക്തതയോടെ പഠിക്കേണ്ടതുണ്ട്.
ആർക്കാനും വേണ്ടി എന്തെങ്കിലും ചെയ്തു വയ്ക്കുന്നതല്ലല്ലോ ശരി, ചെയ്യുന്നത് ആവശ്യമുള്ളവർക്കു പ്രയോജനമാകുന്നുണ്ടോ, അവർ അത് ഉപയോഗിക്കുന്നുണ്ടോ എന്നതും പ്രധാനമല്ലേ? ഇതിനെപ്പറ്റി ഒരു ധാരണ എങ്കിലും ഉള്ളവരെ പ്രോജക്ട് ടീമിൽ ഉൾപ്പെടുത്തുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം.
തേക്കടിയിൽ ബോട്ടിങ്ങിനായി ചെന്നപ്പോൾ അവിടെയുള്ളവർ പറഞ്ഞ കാര്യങ്ങളും അത് തന്നെയാണ്, ഭിന്നശേഷി സൗഹൃദമാക്കാനായിത്തന്നെയാണ് പലതും ചെയ്യുന്നത് എന്നാൽ അതൊന്നും കാര്യക്ഷമമാക്കി ചെയ്യുന്നില്ല എന്ന് മാത്രം.
ചുരുങ്ങിയത് എല്ലാ പ്രോജക്ടുകളും തുടങ്ങുമ്പോൾത്തന്നെ ഭിന്നശേഷിക്കാരിൽ ഒരാളെയെങ്കിലും കമ്മിറ്റിയിൽ അംഗമാക്കിയാൽ അവരുടെ ആവശ്യം അവർക്ക് ബോധിപ്പിക്കാനാകും.
അതല്ലാതെ എന്തെങ്കിലും കാട്ടിക്കൂട്ടി ഇതൊക്കെ മതി എന്ന നിലപാടാണെങ്കിൽ ഒന്നും ചെയ്യാതിരിക്കുന്നതാവും ഉചിതം – ആ പണമെങ്കിലും പാഴാകാതിരിക്കുമല്ലോ!
ഇതൊന്നും കുറ്റപ്പെടുത്തലല്ല, ആവശ്യങ്ങളാണ്. ചെയ്തു തരുന്നത് ഔദാര്യമല്ല, അവകാശങ്ങളാണ്.
കടപ്പാട്: ഉണ്ണി മാക്സ്, മലയാള മനോരമ