കൈവല്യ പദ്ധതി: 7449 ഭിന്നശേഷിക്കാർക്ക് 37.24 കോടി രൂപ നൽകും

എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ കൈവല്യ തൊഴിൽ പുനരധിവാസ പദ്ധതി വഴി 7449 പേർക്ക് 37.24 കോടി രൂപ വായ്പയായി നൽകും.

നാഷണൽ ഹാൻഡികാപ്പ്ഡ് ഫിനാൻസ് ഡെവലപ്മെൻറ് കോർപറേഷൻ സംസ്ഥാന ചാനലൈസിങ് ഏജൻസിയായ സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷനു അനുവദിച്ച തുക വിനിയോഗിച്ചാണ് ധനസഹായം വിതരണം ചെയ്യുക.

ഇതിനായി വികലാംഗ ക്ഷേമ കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പിടാൻ എംപ്ലോയ്മെൻറ് സർവീസ് വകുപ്പിന് തൊഴിൽ വകുപ്പ് അനുമതി നൽകി.

അപേക്ഷ നൽകിയ അർഹരായ എല്ലാവർക്കും ധനസഹായം ലഭിക്കും.

എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തു തൊഴിലായി കാത്തിരിക്കുന്ന ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനാണു കൈവല്യ പദ്ധതി ആവിഷ്കരിച്ചത്.

50 ശതമാനം (25000 രൂപ വരെ) സബ്സിഡിയോടെ 50000 രൂപവരെ പലിശരഹിത വായ്പ ലഭിക്കും. സബ്സിഡി കഴിച്ചുള്ള തുക 60 തുല്യ തവണകളായി തിരിച്ചടച്ചാൽ മതി.

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതികളുടെ ഭാഗമായാണ് കൈവല്യ പദ്ധതിയില്‍ നിലവിലുള്ള 7449 അപേക്ഷകളും ഒറ്റത്തവണ വ്യവസ്ഥയില്‍ തീര്‍പ്പാക്കുന്നത്.

നിലവിലുള്ള അപേക്ഷകരില്‍ 2708 സ്ത്രീകളും കാഴ്ച-ശ്രവണ-ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന 2177 പേരുമുണ്ട്.

കൈവല്യ പദ്ധതിയനുസരിച്ച് ഇതിനകം 985 അപേക്ഷകര്‍ക്കായി 5.58 കോടി രൂപയാണ് വിതരണം ചെയ്തത്.

Exit mobile version