കാഴ്ച പരിമിതിയുള്ളവര്‍ക്ക് ബ്രെയ്‌ലി ബാലറ്റ് ലഭിച്ചില്ല

തൃശൂര്‍: കാഴ്ച പരിമിതിയുള്ളവര്‍ക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കിയില്ലെന്നു പരാതി. ഒറ്റയ്ക്ക് വോട്ട് ചെയ്യാമെന്ന ആഗ്രഹത്തോടെ ബൂത്തിലെത്തിയവര്‍ക്ക് ഫലം നിരാശ മാത്രം.

കാഴ്ച പരിമിതര്‍ക്ക് മറ്റൊരാളുടെ സഹായം കൂടാതെ വോട്ട് ചെയ്യാനുള്ള അവസരം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡമ്മി ബ്രെയ്‌ലി ബാലറ്റ് പേപ്പറുകള്‍ തയ്യാറാക്കി നല്‍കാനുള്ള നിര്‍ദേശം നല്‍കിയത്.

എന്നാല്‍ ഈ പ്രതീക്ഷയോടെ മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളിലെ ബൂത്തിലെത്തിയ വോട്ടര്‍മാര്‍ക്ക് ബ്രെയ്‌ലി ബാലറ്റ് പേപ്പറുകള്‍ നല്‍കിയില്ല. ഇവ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചില്ലെന്നായിരുന്നു മറുപടി.

ഇതുമൂലം സ്വതന്ത്ര വോട്ടെന്ന സ്വപ്നം ഇവര്‍ക്ക് ഓപ്പണ്‍ വോട്ടിലേക്കു മാറ്റേണ്ടി വന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെയും സംസ്ഥാന ഭിന്നശേഷി കമ്മീഷന്റെയും ഉത്തരവുകളാണ് ഇതോടെ ഫലം കാണാതെ പോയത്.

ഗുരുവായൂരിലും ഇരിങ്ങാലക്കുടയിലും സമാന സംഭവമുണ്ടായി. മതിയായ സൗകര്യം ബൂത്തില്‍ ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് ഭിന്നശേഷിക്കാരായ ഷംസാദ്, പി.കെ. സതീഷ്, കെ.എ. അബില്‍ എന്നിവര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസില്‍ പരാതി നല്‍കി.

ഇരിങ്ങാലക്കുടയില്‍ ബ്രെയ്‌ലി ബാലറ്റ് ലഭിക്കാത്തതിനാല്‍ കാഴ്ച പരിമിതനായ എം.കെ. അനീഷ് എന്ന യുവാവ് വോട്ട് രേഖപ്പെടുത്താതെ പ്രതിഷേധിച്ചു.

ബ്രെയ്‌ലി ബാലറ്റ് ലഭ്യമല്ലെന്നു പ്രിസൈഡിംഗ് ഓഫീസര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കാറളം തെക്കുമുറി ഹൈസ്‌കൂളിലെ ബൂത്തില്‍ നിന്നും അനീഷ് മടങ്ങിയത്.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ഇതേ സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍, ഇത്തവണ ബ്രെയ്‌ലി ബാലറ്റ് പ്രിന്റ് ചെയ്തിരുന്നതായും ഓപ്പണ്‍ വോട്ട് ചെയ്യാന്‍ താല്‍പര്യമില്ലാത്തതിനാലാണ് പിന്‍മാറിയതെന്നും അനീഷ് പറഞ്ഞു.

ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കാന്‍ പ്രിസൈഡിംഗ് ഓഫീസര്‍ തയ്യാറായില്ലെന്നും പരാതിയുണ്ട്.

Exit mobile version