‘കൈവല്യ’ പദ്ധതി മുടങ്ങി; ഭിന്നശേഷിയുള്ളവര്‍ക്ക് വായ്പയില്ല

തൊഴിൽരഹിതരായ ഭിന്നശേഷിക്കാർക്ക് ചെറു സംരംഭങ്ങൾ തുടങ്ങാനായി തൊഴിൽ വകുപ്പ് കൊണ്ടുവന്ന ‘കൈവല്യ വായ്പ’ പദ്ധതിക്ക് അകാല ചരമം.

സംസ്ഥാന തൊഴിൽ വകുപ്പ് 2016ൽ തുടങ്ങിയ പദ്ധതിയിൽ 2017ന് ശേഷം അപേക്ഷകർക്ക് വായ്പ അനുവദിച്ചിട്ടില്ല. ഫണ്ടില്ലാത്തതാണ് പദ്ധതി മുടങ്ങാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്.

സംസ്ഥാന തൊഴിൽ വകുപ്പ് 2016ൽ തുടങ്ങിയ പദ്ധതിയിൽ ഇത് വരെ പതിനായിരത്തിലധികം പേർ അപേക്ഷ നൽകിയെങ്കിലും സഹായം കിട്ടിയത് ആയിരത്തിൽ താഴെ പേർക്ക് മാത്രമാണ്. പദ്ധതി പ്രകാരം പരമാവധി 50,000 രൂപ വരെയാണ് ഒരാൾക്ക് അനുവദിക്കുക.

അഞ്ചുവർഷം കൊണ്ട് 25,000 രൂപ തിരിച്ചടച്ചാൽ മതിയെന്നാണ് വ്യവസ്ഥ. സ്വന്തമായി തൊഴിലോ വരുമാനമോ ഇല്ലാതെ ജീവിക്കുന്നവരാണ് അപേക്ഷകരിൽ ഭൂരിഭാഗവും.

അപേക്ഷയോടൊപ്പം ചെയ്യാൻ കഴിയുന്ന സ്വയം തൊഴിൽ സംരംഭത്തിന്റെ പ്രൊപ്പോസൽ കൂടി ഇവർ സമർപ്പിച്ചിരുന്നു.

കൈവല്യ പദ്ധതിക്കായി കിട്ടിയ ഫണ്ട് വിതരണം ചെയ്തു കഴിഞ്ഞുവെന്നും കൂടുതൽ ഫണ്ട് കിട്ടിയാലെ മുഴുവൻ അപേക്ഷകർക്കും കൊടുത്തു തീർക്കാൻ കഴിയൂ എന്നുമാണ് അധികൃതർ പറയുന്നത്.

2016 നവംബറിലാണ് തൊഴില്‍ വികസന വകുപ്പ് പദ്ധതി തുടങ്ങിയത്. തൊഴില്‍ പരിശീലനവും സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് സബ്‌സിഡിയോടുകൂടി വായ്പ നല്‍കുകയുമാണ് പദ്ധതി ലക്ഷ്യം.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഭിന്നശേഷിക്കാര്‍ക്കാണ് പദ്ധതി.

എന്നാല്‍, എല്ലാ ജില്ലകളിലും പരിശീലനം നടത്തുന്നുണ്ടെങ്കിലും വായ്പ നല്‍കുന്നില്ല.

സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള പരിശീലനം നേടിയവര്‍ വരെ തുക ലഭിക്കാതായതോടെ ആശങ്കയിലാണ്. ചക്രക്കസേരകളിലിരുന്നാണ് പലരും ദിവസങ്ങള്‍ നീണ്ട പരിശീലനത്തില്‍ പങ്കെടുത്തത്.

പൊതുഗതാഗത സംവിധാനങ്ങളുപയോഗിക്കാനാവാത്ത ഇവര്‍ സ്വകാര്യ വാഹനങ്ങള്‍ വിളിച്ചാണ് പരിശീലന ക്ലാസുകളിലേക്കെത്തിയത്.

ഇതിനായി ചെലവഴിച്ച തുകയും പാഴായിപ്പോകുമോയെന്നാണ് ആശങ്ക.

കൈവല്യ പദ്ധതിക്കായി കിട്ടിയ ഒരു കോടി രൂപ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. കുറഞ്ഞത് 30 കോടിയെങ്കിലും കിട്ടിയാലെ മുഴുവൻ അപേക്ഷകർക്കും കൊടുത്തു തീർക്കാൻ കഴിയൂ. സർക്കാരിൽ നിന്ന് ഫണ്ട് കിട്ടിയാലുടൻ വിതരണം ചെയ്യും.

-കെ.എസ്. ഹരികുമാർ, ഡെപ്യൂട്ടി ഡയറക്ടർ, എംപ്ളോയ്മെന്റ് ഡയറക്ടറേറ്റ്

ശാരീരികപ്രയാസം കാരണം മറ്റ് തൊഴിലുകള്‍ ലഭിക്കാത്ത 21-നും 55-നും മധ്യേ പ്രായമുള്ളവരാണ് വായ്പയ്ക്കായി അപേക്ഷിച്ചിട്ടുള്ളത്. പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ഏറെ പ്രതീക്ഷയിലായിരുന്ന ഇവര്‍ക്ക് വായ്പ അനുവദിക്കാത്തത് തിരിച്ചടിയാണ്.

എല്ലാ ജില്ലകളിലും ലഭിച്ച അപേക്ഷകളുടെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായിട്ടും പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാവാത്ത അവസ്ഥയിലാണ്.

വായ്പ കൂടാതെ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനുള്ള പരിശീലനവും മറ്റ് കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ക്ലാസുകളും ‘കൈവല്യ’ വഴി നല്‍കുന്നുണ്ട്.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വൈകല്യം, യോഗ്യത, അഭിരുചി, താത്പര്യം എന്നിവയെ അടിസ്ഥാനമാക്കി ഡേറ്റാ ബാങ്കും തയ്യാറാക്കുന്നുണ്ട്.

ഇതിനെല്ലാമുള്ള തുക ലഭിച്ചതിനാല്‍ ഇക്കാര്യങ്ങള്‍ക്ക് മുടക്കം വന്നിട്ടില്ല.

Exit mobile version