തിരുവനന്തപുരം: കൈവല്യ വായ്പ തുകയായ 50000 രൂപ വീതം 359 പേർക്കുകൂടി ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ.
ഇതുവരെ കൈവല്യയിൽ ധനസഹായം അനുവദിച്ചവരുടെ എണ്ണം 6991 ആയി.
അവശേഷിക്കുന്നവരുടെ അപേക്ഷകളിൽ നടപടികൾ സ്വീകരിച്ചു വരുന്നതായി മാനേജിംഗ് ഡയക്ടർ കെ. മൊയ്തീന്‍ കുട്ടി അറിയിച്ചു.
ഭിന്നശേഷിക്കാർക്കു നൈപുണ്യ വികസനം, സ്വയംതൊഴിൽ സംരംഭങ്ങൾ എന്നിവയ്ക്കു സർക്കാർ സബ്സിഡിയും വായ്പയും നൽകുന്ന പദ്ധതിയാണു കൈവല്യ.
സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പ് 2016ൽ തുടങ്ങിയ പദ്ധതിയിൽ 2017ന് ശേഷം കുടിശ്ശികയായ 7449 പേർക്കും ഒറ്റത്തവണയായി ലോൺ തീർപ്പാക്കുന്നതിനായി നാഷണൽ എംപ്ലോയ്മെൻ്റ് സർവ്വീസസ് (കേരള) വകുപ്പും വികലാംഗക്ഷേമ കോർപ്പറേഷനും ധാരണാപത്രം ഒപ്പിട്ടിരുന്നു,
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതികളുടെ ഭാഗമായാണ് 7449 അപേക്ഷകളും ഒറ്റത്തവണ വ്യവസ്ഥയില്‍ തീര്‍പ്പാക്കുന്നത്.
ഇതിലേക്കായി 37.5 കോടി രൂപ ദേശീയ വികലാംഗ ധനകാര്യ വികസന കോർപ്പറേഷനിൽ (NHFDC) നിന്ന് സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ലോണെടുത്തു.
ഇതിനാവശ്യമായ പലിശയും മുതലും നാഷണൽ എംപ്ലോയ്മെൻ്റ് സർവ്വീസസ് (കേരള) വകുപ്പ് കോർപ്പറേഷന് നൽകും.
ലോൺ ലഭ്യമാക്കുന്നതിനായി സാമൂഹ്യ നീതി വകുപ്പ് 35 കോടിയുടെ സർക്കാർ ഗ്യാരണ്ടി അനുവദിച്ചിരുന്നു.
വായ്പയിൽ 25000 രൂപ സബ്സിഡിയും ബാക്കി 25000 പലിശരഹിത വായ്പയുമാണ്.
കോവിഡ് മഹാമാരിയുടെ കാലത്ത് 7000 ഓളം ഭിന്നശേഷി കുടുംബങ്ങൾക്ക് ആശ്വാസമാവാൻ ഈ പദ്ധതിയിലൂടെ സംസ്ഥാന സർക്കാറിന് സാധിച്ചു.