സൗജന്യ യാത്രപാസ്: കെഎസ്ആർടിസി നടപടി ഭിന്നശേഷിക്കാരോടുള്ള കടുത്ത അവഗണന

തിരുവനന്തപുരം; ഭിന്നശേഷി വിഭാഗക്കാർക്ക് നൽകി വരുന്ന സൗജന്യ യാത്രപാസിലേക്കുള്ള വരുമാന പരിധി നാമമാത്രമായി വർധിപ്പിച്ച കെഎസ്ആർടിസി നടപടി ഭിന്നശേഷിക്കാരോടുള്ള കടുത്ത അവഗണനയെയാണ് സൂചിപ്പിക്കുന്നതെന്ന് ഭിന്നശേഷി കൂട്ടായ്‌മ ഭാരവാഹികൾ.

സൗജന്യ യാത്രപാസിലേക്കുള്ള വരുമാന പരിധി 1992 ലെ ഉത്തരവ് അനുസരിച്ച് 15,000 രൂപയായിരുന്നു. ഇതു 20,000 രൂപയിലേക്ക് ഉയർത്തിയാണ് ഇപ്പോൾ ഉത്തരവ് ഇറക്കിയത്.

30 വർഷങ്ങൾക്കു ശേഷം വെറും 5,000 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. ഇതു യാത്രക്കായി കെഎസ്ആർടിസിയെ ആശ്രയിക്കുന്ന ഭിന്നശേഷിക്കാരെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് ഭിന്നശേഷി കൂട്ടായ്‌മ പ്രസിഡന്റ് സുജീന്ദ്രൻ കെ പറഞ്ഞു.

കെഎസ്ആർടിസിയിൽ എംഎൽഎമാർക്കും എംപിമാർക്കും സൗജന്യ യാത്രാ പാസ് അനുവദിക്കുന്നതിനെ കേരള ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. സൗജന്യ യാത്രാ പാസ് അർഹതയുള്ളവർക്ക് മാത്രമേ നൽകാവൂ എന്ന ഹൈക്കോടതി നിർദേശം പോലും ഭിന്നശേഷിക്കാരുടെ വിഷയത്തിൽ അട്ടിമറിക്കുകയാണെന്നു സെക്രട്ടറി വിനോദ് കുമാർ വി കെ പറഞ്ഞു.

കേരളത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ലഭിക്കുന്നതിനുള്ള നിലവിലെ വരുമാന പരിധി പോലും ഒരു ലക്ഷം രൂപയാണ്. 30 വർഷങ്ങൾക്കു ശേഷം കെഎസ്ആർടിസി പരിഷ്കരിച്ച ഉത്തരവ് പിൻവലിച്ചു സൗജന്യ യാത്രപാസിലേക്കുള്ള വരുമാന പരിധി ഒരു ലക്ഷം രൂപയായി ഉയർത്തണമെന്നു ഭിന്നശേഷി കൂട്ടായ്‌മ സർക്കാരിനോട് ആവശ്യപ്പെട്ടു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button