അഭിഭാഷക നിയമനം: ഭിന്നശേഷി സംവരണം ഇല്ലെന്ന ഹർജിയിൽ കേരള സർക്കാരിനു സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽഹി: അഡീഷണൽ സർക്കാർ പ്ലീഡർ, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികളിലേക്ക് നടക്കുന്ന നിയമനങ്ങളിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ച് നൽകിയ ഹർജിയിൽ കേരള സർക്കാരിനു സുപ്രീംകോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സർക്കാറിന് നോട്ടീസ് അയച്ചത്.
2016-ലെ ഭിന്നശേഷി അവകാശ നിയമപ്രകാരം എല്ലാ സർക്കാർ തസ്തികളിലും നടത്തുന്ന നിയമനങ്ങളിൽ ഭിന്നശേഷിക്കാർക്ക് നാല് ശതമാനം സംവരണം ഏർപ്പെടുത്തേണ്ടതുണ്ട്. നിയമത്തിലെ 34-ാം വകുപ്പ് പ്രകാരം അഡീഷണൽ സർക്കാർ പ്ലീഡർ, അഡീഷണൽ പബ്ലിക് പ്രോസിക്യുട്ടർ തസ്തികളിലെ നിയമനങ്ങളിലും ഭിന്നശേഷിക്കാർക്ക് നാല് ശതമാനം സംവരണത്തിന് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട സ്വദേശി ഷിനു കെ.ആർ. ആണ് കോടതിയെ സമീപിച്ചത്.
എന്നാൽ, അഡീഷണൽ സർക്കാർ പ്ലീഡർ, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികകൾ കേഡർ തസ്തികകളല്ലെന്നും താത്കാലികവും കരാറടിസ്ഥാനത്തിൽ ഉള്ളതുമാണെന്നും ചൂണ്ടിക്കാട്ടി ഷിനുവിന്റെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഷിനു സുപ്രീം കോടതിയെ സമീപിച്ചത്.
2006-ൽ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായി ഐക്യരാഷ്ട്രസഭ തയ്യാറാക്കിയ കൺവെൻഷനിൽ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ടെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ എം.ആർ. അഭിലാഷ് ചൂണ്ടിക്കാട്ടി. 2007 ഒക്ടോബറിലാണ് ഇന്ത്യ കൺവൻഷനിൽ ഒപ്പുവെച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് 2016-ൽ ഭിന്നശേഷി അവകാശ നിയമം പാർലമെന്റ് പാസാക്കിയതെന്നും അഭിലാഷ് വാദിച്ചു. രാജ്യാന്തര കൺവൻഷന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ നിയമത്തിലെ വ്യവസ്ഥകൾ അംഗീകരിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും ബാധ്യതയുണ്ട്. സർക്കാർ അഭിഭാഷക നിയമവുമായി ബന്ധപ്പെട്ട കേരളത്തിലെ ചട്ടങ്ങൾ ഇതിൽനിന്ന് വ്യത്യസ്തമാണെങ്കിലും രാജ്യാന്തര കൺവൻഷനും കേന്ദ്ര നിയമവും നിലനിൽക്കുന്നതിനാൽ അതിന് പ്രസക്തി ഇല്ലെന്നും അഭിലാഷ് ചൂണ്ടിക്കാട്ടി.
തുടർന്നാണ് സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചത്. നാലാഴ്ചയ്ക്കുള്ളിൽ മറുപടി ഫയൽചെയ്യാനും കോടതി സർക്കാരിനോട് നിർദേശിച്ചു.



