ഭിന്നശേഷിക്കാര്‍ക്ക് എളുപ്പത്തില്‍ കയറാന്‍ ബസുകളില്‍ ലിഫ്റ്റ്, റാമ്പ് തുടങ്ങിയവ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച നിര്‍ദേശത്തിന്റെ അന്തിമകരട് കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കി.
2020 ഏപില്‍ ഒന്നു മുതല്‍ ബി.എസ്.-6 മാനദണ്ഡം പാലിക്കുന്ന ബസുകള്‍ ഇറങ്ങുമ്പോള്‍ അവയില്‍ ഇത്തരം സംവിധാനങ്ങള്‍ ഉണ്ടായിരിക്കണം. ഡ്രൈവറെ കൂടാതെ പതിമ്മൂന്നോ അതിലധികമോ പേര്‍ക്ക് സഞ്ചരിക്കാവുന്ന ബസുകള്‍ക്ക് പുതിയ നിബന്ധന ബാധകമാകും. സ്‌കൂള്‍ബസ് ഒഴികെ മൂന്നര ടണ്ണില്‍ കുറവ് ഭാരമുള്ള വാഹനങ്ങളില്‍ നിര്‍ബന്ധമില്ല.
ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ ശാരീരികമായി ക്ലേശമനുഭവിക്കുന്നവര്‍ക്ക് സഞ്ചരിക്കാനാവശ്യമായ സൗകര്യം ബസുകളില്‍ ഉണ്ടാകണം. ചക്രക്കസേര ഉപയോഗിക്കുന്ന ഒരാള്‍ക്കെങ്കിലും സൗകര്യപൂര്‍വം യാത്രചെയ്യാന്‍ കഴിയണം. ഭിന്നശേഷിക്കാരുടെ ഇരിപ്പിടം വാതിലിനടുത്തായിരിക്കണം.
ചക്രക്കസേര വെക്കുന്നതിന് എടുത്തുമാറ്റാന്‍ പറ്റുന്ന ഇരിപ്പിടം വേണം. അടിയന്തര സാഹര്യങ്ങളില്‍ ഉപയോഗിക്കാന്‍ ബസിനു മുകളില്‍ ഒരു രക്ഷാവാതിലെങ്കിലും ഉണ്ടാകണം. അപകടമുന്നറിയിപ്പ് നല്‍കാനുള്ള പ്രകാശ സംവിധാനം വേണം. കുറഞ്ഞത് 30 മിനിറ്റെങ്കിലും തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാവണമത്.
സ്‌കൂള്‍ ബസുകള്‍, ആംബുലന്‍സുകള്‍, രണ്ടുനില ബസുകള്‍, ഒന്നിനോടൊന്ന് കൂടിച്ചേര്‍ന്ന ബസ് (ആര്‍ട്ടിക്കുലേറ്റഡ് ബസ്), ഡബിള്‍ ഡെക്കര്‍ ആര്‍ട്ടിക്കുലേറ്റഡ് ബസുകള്‍, സ്ലീപ്പര്‍ കോച്ചുകള്‍, ടൂറിസ്റ്റ് ബസുകള്‍, ജയില്‍ വാഹനങ്ങള്‍, പോലീസിനും സുരക്ഷാസേനയ്ക്കും സൈന്യത്തിനുമായി രൂപകല്പന ചെയത വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് ഇവ നിര്‍ബന്ധമാണ്.
സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള ബസുകളില്‍ തീപ്പിടിത്ത മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കണമെന്നും കരടില്‍ പറയുന്നു.