ശരീരം തളര്‍ന്നിട്ടും മനസ് തളരാത്ത പോരാട്ട വീര്യം; സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ കെ.വി. റാബിയ അന്തരിച്ചു

മലപ്പുറം: സാക്ഷരതാ പ്രവര്‍ത്തകയും പത്മശ്രീ അവാര്‍ഡ് ജേതാവുമായ കെ.വി. റാബിയ (59) അന്തരിച്ചു. ചക്രക്കസേരയിലിരുന്നു നാടിനാകെ അക്ഷര വെളിച്ചും പകര്‍ന്ന റാബിയയ്ക്ക് 2022 ലാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്.

ഒരു മാസത്തോളമായി റാബിയ കോട്ടക്കലില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരൂരങ്ങാടി വെള്ളിലക്കാട് കറിവേപ്പില്‍ മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും മകളായി 1966 ഫെബ്രുവരി 25നായിരുന്നു ജനനം. ജന്മനാ കാലിന് വൈകല്യമുണ്ടായിരുന്നെങ്കിലും പഠനത്തില്‍ മിടുക്കിയായിരുന്നു.

പതിനാലാം വയസില്‍ കാലുകള്‍ തളര്‍ന്നു. എന്നാല്‍ തളരാതെ പഠനം തുടര്‍ന്നു. എസ്എസ്എല്‍സി കഴിഞ്ഞ് തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ ചേര്‍ന്നെങ്കിലും പ്രീഡിഗ്രി പൂര്‍ത്തിയാക്കാനായില്ല. പിന്നെ വീട്ടിലിരുന്ന് പഠിച്ച് ബിരുദങ്ങള്‍ നേടി.

സമ്പൂര്‍ണ സാക്ഷരതാ യജ്ഞമാണ് റാബിയയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. 1990 കളിലാണ് റാബിയ സാക്ഷരതാ പ്രവര്‍ത്തന രംഗത്തേക്ക് കടന്നു വന്നത്. 1994 ല്‍ ചലനം ചാരിറ്റബിള്‍ സൊസൈറ്റി എന്ന പേരില്‍ വനിതാ വികസനവും സാക്ഷരതയും ലക്ഷ്യമാക്കി സംഘടനയ്ക്ക് രൂപം നല്‍കി.

മുപ്പത്തെട്ടാം വയസില്‍ കുളിമുറിയുടെ തറയില്‍ തെന്നി വീണ് നട്ടെല്ലിന് കേടുപാട് സംഭവിച്ചതോടെ കഴുത്തിനു താഴെ ഭാഗികമായി തളര്‍ന്നു. അസഹനീയ വേദനയില്‍ കിടക്കുമ്പോഴും റാബിയ നോട്ട്ബുക്ക് പേജുകളില്‍ ഓര്‍മകള്‍ എഴുതി. ഒടുവില്‍ ‘നിശബ്ദ നൊമ്പരങ്ങള്‍’ പുസ്തകം പൂര്‍ത്തിയാക്കി. ആത്മകഥയായ ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’ ഉള്‍പ്പെടെ നാല്  പുസ്തകങ്ങള്‍  എഴുതിയിട്ടുണ്ട്.

നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, യു.എന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, കണ്ണകി സ്ത്രീ ശക്തി പുരസ്‌കാരം, വനിതാ രത്നം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button