ലോക്ഡൗൺ വിരസതയകറ്റി ഭിന്നശേഷിക്കാരായ കുട്ടികളും

തിരുവനന്തപുരം: വീട്ടിനുള്ളിൽ ടിവി കണ്ടും കളിച്ചും രസിച്ചും ബാല്യം തിമിർക്കുമ്പോൾ ഭിന്നശേഷിക്കാരായ എണ്ണായിരത്തോളം ബഡ്സ് സ്കൂൾ വിദ്യാർഥികളും ചിത്രരചനയും പത്രവായനയും സംഗീതപഠനവും ഒക്കെയായി തിരക്കിലാണ്.

വീട്ടിൽ നിന്നു പുറത്തിറങ്ങാനാകാതെ പ്രയാസം നേരിടുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ ലോക്ഡൗൺ കാലത്തു കർമനിരതരാക്കാൻ ബഡ്സ് സ്കൂളിലെ അധ്യാപകർ കുടുംബശ്രീ മുഖേന പ്രത്യേക പ്രവർത്തനങ്ങൾ ആരംഭിച്ചു.

ഓരോ സ്‌കൂളിലെയും അധ്യാപകർ കുട്ടികളുടെ പ്രത്യേക സവിശേഷതകൾ അറിഞ്ഞ് വ്യക്തിഗത പ്ലാനുകൾ തയാറാക്കിയാണു പ്രവർത്തനങ്ങളും പരിശീലനങ്ങളും നൽകുന്നത്.

ഓരോ കുട്ടിക്കും വീട്ടിലിരുന്ന് ചെയ്യാനാകുന്ന പ്രവൃത്തികൾ തയാറാക്കുകയും അത് മാതാപിതാക്കളിലേക്കു ഫോൺ, വാട്‌സാപ് തുടങ്ങിയ വഴി അറിയിച്ച് കുട്ടികളെ ആ പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കണമെന്നും ലോക്ഡൗൺ ആരംഭിച്ച അന്നു തന്നെ ജില്ലാ പ്രോഗ്രാം മാനേജർമാർ വഴി നിർദേശം നൽകിയിരുന്നു.

ഇത് അനുസരിച്ച് ഓരോ ജില്ലയിലെയും ബഡ്‌സ് സ്ഥാപനങ്ങൾ വ്യത്യസ്തങ്ങളായ പ്രവൃത്തികൾ രൂപകൽപന ചെയ്യുകയായിരുന്നു.

ചിത്രരചന, പത്രവായന, അക്ഷരങ്ങളുടെ പഠനം, സംഗീതപഠനം, തയ്യൽ പഠനം, സ്വയംപര്യാപ്തത നേടാനുള്ള വ്യത്യസ്തങ്ങളായ പരിശീലനം, അടുക്കളയിലും കൃഷിസ്ഥലത്തും ജോലിക്ക് ഒപ്പം കൂട്ടുക ഇങ്ങനെ ഒട്ടേറെ നിർദേശങ്ങളാണ് അധ്യാപകർ മാതാപിതാക്കൾക്കു നൽകിയത്.

ഓരോ കുട്ടിയുടെ ആരോഗ്യകാര്യവും അധ്യാപകർ അന്വേഷിക്കുന്നു. ഭക്ഷണവും മരുന്നുകളും മറ്റും ആവശ്യമുണ്ടെങ്കിൽ തദ്ദേശ സ്ഥാപനം അല്ലെങ്കിൽ കുടുംബശ്രീ സംഘടനാ സംവിധാനം മുഖേന നിറവേറ്റും.

ഭിന്നശേഷിയുള്ള കുട്ടികൾക്കായി കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നേതൃത്വം നൽകുന്ന 270 ബഡ്‌സ് സ്കൂളുകളാണു സംസ്ഥാനത്തുള്ളത്. 8521 കുട്ടികളും 414 അധ്യാപകർ ഈ സ്‌കൂളുകളിലായുണ്ട്.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button