തടസ രഹിത കേരളം സർക്കാരിൻറെ പ്രധാന ലക്ഷ്യം: മന്ത്രി ഡോ. ആർ. ബിന്ദു

കോഴിക്കോട്: ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുകയെന്നത് സര്‍ക്കാറിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണെന്ന് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു.

ഭിന്നശേഷി സഹായ ഉപകരണങ്ങളുടേയും ക്ഷേമപദ്ധതി ആനുകൂല്യങ്ങളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം കോഴിക്കോട് കലക്ടറേറ്റില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ശാരീരിക പരിമിതികളെ മറികടന്ന് മാനസിക വെല്ലുവിളികളെ നീക്കി നിര്‍ഭയം, നിസ്സങ്കോചം സമൂഹത്തിലേക്ക് കടന്നു ചെല്ലാനുള്ള അന്തരീക്ഷം ഭിന്നശേഷിക്കാരില്‍ ഉണ്ടാക്കിയെടുക്കണമെന്ന് മന്ത്രി പറഞ്ഞു.

തടസരഹിതമായ ജീവിതം ഇവര്‍ക്ക് ഉറപ്പാക്കുക എന്നത് സര്‍ക്കാരിന്റെ പരമപ്രധാനമായ ഉത്തരവാദിത്തമാണ്. ഭിന്നശേഷിയുള്ളവര്‍ക്കായി സംസ്ഥാനത്ത് നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്.

വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും ഉയരങ്ങള്‍ കീഴടക്കാന്‍ ഇവരെ പ്രാപ്തരാക്കുന്നതിനായി സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് എല്ലാവിധ സഹായങ്ങളും ആനുകൂല്യങ്ങളും തുടര്‍ന്നും ലഭ്യമാക്കും.

സ്‌കൂളുകളും കോളേജുകയും ഭിന്നശേഷി സൗഹൃദപരമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി അറിയിച്ചു.

കേള്‍വി പരിമിതര്‍ക്ക് ഡിജിറ്റല്‍ ശ്രവണസഹായികള്‍ നല്‍കുന്ന ‘ശ്രവണ്‍’ പദ്ധതിയിലൂടെ 12 പേര്‍ക്ക് മന്ത്രി ശ്രവണ സഹായി നല്‍കി. 57 പേര്‍ക്ക് അടുത്ത ദിവസങ്ങളില്‍ നല്‍കും.

കാഴ്ച പരിമിതിയുള്ള ഒമ്പത് പേര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കി. 12 വയസിന് താഴെ പ്രായവും ഗുരുതര ഭിന്നശേഷിയുമുള്ള കുട്ടികള്‍ക്ക് 18 വയസുവരെ 20,000 രൂപ വീതം നിക്ഷേപിക്കുന്ന ‘ഹസ്തദാനം’ പദ്ധതിയിലെ രണ്ട് ഗുണഭോക്താക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

ശേഷിക്കുന്നവര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വരും ദിവസങ്ങളില്‍ വിതരണം ചെയ്യും.

ഭിന്നശേഷിക്കാരുടെ ചലനസ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും ഉറപ്പ് വരുത്തുന്നതിനുള്ള സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന ‘ശുഭയാത്ര’ പദ്ധതി പ്രകാരം ഇലക്ടോണിക് വീല്‍ ചെയര്‍ ഗുണഭോക്താക്കളുടെ വീടുകളില്‍ എത്തിച്ചു നല്‍കും.

തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷ വഹിച്ചു. മേയര്‍ ഡോ. ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജില്ലാ കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി മുഖ്യ പ്രഭാഷണം നടത്തി.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍ എം.എന്‍ പ്രവീണ്‍, സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ഡയറക്ടര്‍ ഡോ. റോഷന്‍ ബിജിലി, വികലാംഗ ക്ഷേമ കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കെ. മൊയ്തീന്‍ കുട്ടി, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അഷറഫ് കാവില്‍, സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ മുന്‍ ഡയറക്ടര്‍ ഗിരീഷ് കീര്‍ത്തി തുടങ്ങിയവര്‍ പങ്കെടുത്തു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button