ഭിന്നശേഷി സർട്ടിഫിക്കറ്റ് 2021 ജൂൺ മാസം ഒന്ന് മുതൽ ഓൺലൈൻ വഴി മാത്രം.
കേന്ദ്ര സർക്കാരിന്റെ UDID പോർട്ടൽ (www.swavlambancard.gov.in) വഴി മാത്രമേ സർട്ടിഫിക്കറ്റ് അനുവദിക്കൂ എന്നു വ്യക്തമാക്കി ഭിന്നശേഷി ശാക്തീകരണ വകുപ്പ് (DEPwD) വിജ്ഞാപനം പുറപ്പെടുവിച്ചു.
അപേക്ഷ, രേഖകളുടെ പരിശോധന, സർട്ടിഫിക്കറ്റ് അനുവദിക്കൽ എന്നിവയെല്ലാം ഇനി ഡിജിറ്റൽ മാർഗത്തിൽ മാത്രമാകും. ഏകീകൃത സംവിധാനം വരുന്നതോടെ രാജ്യത്തെവിടെയും സർട്ടിഫിക്കറ്റ് ഉപയോഗിക്കാനും സാധിക്കും.
കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രാലയത്തിനു കീഴിലെ ഉപദേശക സമിതി 2020 നവംബറിൽ ചേർന്ന് 2021 ഏപ്രിൽ ഒന്ന് മുതൽ സർട്ടിഫിക്കറ്റ് ഓൺലൈൻ ആക്കാൻ തീരുമാനിച്ചിരുന്നു.
എന്നാൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു നടന്നതു പരിഗണിച്ചാണ് തീരുമാനം ജൂൺ ഒന്ന് മുതൽ നടപ്പാക്കാൻ ഉത്തരവിട്ടത്.
ഭിന്നശേഷി ശാക്തീകരണ വകുപ്പ് (DEPwD), 2021 മേയ് അഞ്ചിന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനം SO 1736 (E) പ്രകാരം എല്ലാ സംസ്ഥാനങ്ങളും / കേന്ദ്രഭരണ പ്രദേശങ്ങളും UDID പോർട്ടൽ ഉപയോഗിച്ചു ഓൺലൈൻ മാർഗത്തിലൂടെ ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകേണ്ടതാണ്.
UDID പദ്ധതി 2016 മുതൽ നടപ്പിലാക്കി വരുന്നു. യുഡിഐഡി പോർട്ടലിൽ പ്രവർത്തിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളുടെയും / കേന്ദ്രഭരണ പ്രദേശങ്ങളുടെയും ബന്ധപ്പെട്ട അധികാരികൾക്ക് DEPwD പരിശീലനം നൽകി.
കൂടാതെ പാൻ-ഇന്ത്യ സാധുത കൈവരിക്കുന്നതിന് സർട്ടിഫിക്കറ്റിൻറെ യഥാർത്ഥ പരിശോധന നടത്തുന്നതിനും ഭിന്നശേഷിക്കാരുടെ പ്രയോജനത്തിനായി പ്രക്രിയ ലളിതമാക്കുന്നതിനും ഇത് സഹായിക്കുന്നു.