ഭിന്നശേഷി സേവന ചികിത്സാപരിചരണ കേന്ദ്രം പ്രധാന ബ്ലോക്കിന്റെ പ്രവേശനസ്ഥലത്ത് ഒരു സർക്കാർ സ്ഥാപനത്തിലും ഉണ്ടാകാത്ത ഒരു ബോർഡ് കാണാം. ‘എൻ.കെ. ജോർജ് ഈ സ്ഥാപനത്തിന്റെ സ്ഥാപകൻ’ എന്നാണത്. അദ്ദേഹത്തിന്റെ ചിത്രവും ഉണ്ട്.
20 കോടി വില വരുന്ന നാലേകാൽ ഏക്കർ സ്ഥലവും ബഹുനിലക്കെട്ടിടവും ഭിന്നശേഷി ക്ഷേമപദ്ധതിക്കായി സർക്കാരിന് സൗജന്യമായി നൽകിയത് ഇദ്ദേഹമാണ്.
എൻജിനീയറായ നേരേപറമ്പിൽ വീട്ടിൽ ജോർജിന് ഗുജറാത്തിൽ ബിസിനസുണ്ടായിരുന്നു. അത് നിർത്തി നാട്ടിലെത്തി വാങ്ങിയതാണ് നാലേകാൽ ഏക്കർ ഭൂമി. വീട്ടിലോ കുടുംബത്തിലോ ഭിന്നശേഷിക്കാരില്ലെങ്കിലും അവരുടെ ക്ഷേമത്തിലായിരുന്നു ചിന്ത. ഇതിനായി വലിയ കെട്ടിടം നിർമിച്ച് ഭിന്നശേഷി പരിചരണകേന്ദ്രം തുടങ്ങി.
കൃത്രിമ അവയവനിർമാണ യൂണിറ്റും ആരംഭിച്ചു. ഇവിടെ ചികിത്സ തേടിയെത്തിയിരുന്ന 300 കുട്ടികൾക്ക് മുടങ്ങാതെ മാസംതോറും 1000 രൂപ വീതം സഹായവും നൽകി.
2016ൽ 300 കുട്ടികളുടെയും അക്കൗണ്ടിലേക്ക് വലിയ തുക വീതം നിക്ഷേപിച്ചാണ് പ്രതിമാസ സഹായധനവിതരണം നിർത്തിയത്.
2013ൽ ആണ് സ്ഥലവും കെട്ടിടവും സർക്കാരിന്റെ സാമൂഹികസുരക്ഷാവകുപ്പിന് സൗജന്യമായി നൽകിയത്. കേന്ദ്രത്തിൽ ഹൈഡ്രോതെറാപ്പി യൂണിറ്റും കൃത്രിമ അവയവനിർമാണ യൂണിറ്റും വേണമെന്ന് ജോർജ് നിർദേശിച്ചിരുന്നു. ലോകോത്തര മാതൃകയിൽത്തന്നെ ഇവ രണ്ടും സർക്കാർ നടപ്പാക്കിയിട്ടുണ്ട്.
എൺപത്താറുകാരനായ ജോർജ് കുറച്ചുനാളായി മറവിരോഗത്തിലാണ്. സ്ഥാപനത്തിന്റെ അടുത്തുതന്നെ ഒരു ചെറിയ വീട്ടിൽ കഴിയുന്നു.
ഭാര്യ: മറിയാമ്മ. ഡോ. വിവേക് ജോർജ്, എൻജിനീയറായ ആനന്ദ് ജോർജ്, ഡോ. ഡിമ്പിൾ എന്നിവരാണ് മക്കൾ.
കേന്ദ്രത്തിന്റെ എക്സിക്യുട്ടീവ് ഡയറക്ടറായ ഡോ. ബി. മുഹമ്മദ് അഷീൽ ബുധനാഴ്ച ജോർജിന്റെ വീട്ടിലെത്തി. ഭിന്നശേഷികേന്ദ്രം തുറക്കുന്ന കാര്യം അദ്ദേഹം വിശദീകരിച്ചെങ്കിലും മറവിയുടെ തിരശ്ശീലയ്ക്കു പിന്നിലായിരുന്നു അദ്ദേഹം.
ഭിന്നശേഷിക്കാർക്കായി ഏറ്റവുംവലിയ മികവിന്റെ കേന്ദ്രം
രാജ്യത്തെ ഏറ്റവും വലുതും നൂതനസംവിധാനങ്ങളോടും കൂടിയ ഭിന്നശേഷി സേവനസംരക്ഷണപരിപാലനകേന്ദ്രം തൃശ്ശൂർ ഇരിങ്ങാലക്കുടയ്ക്കടുത്ത് കല്ലേറ്റുംകരയിൽ ഫെബ്രുവരി ആറിന് തുറക്കും. 42,000 ചതുരശ്രഅടി ബഹുനിലമന്ദിരത്തിൽ ഭിന്നശേഷിക്കാർക്ക് ആവശ്യമായ എല്ലാം ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യത്തെ ഒക്യുപ്പേഷണൽ തെറാപ്പി കോഴ്സും ഇവിടെ ആരംഭിക്കും.
നാലരവർഷത്തെ കോഴ്സിനുള്ള പ്രവേശനം പൂർത്തിയായി. കേന്ദ്രത്തിന്റെ ഭാഗമായി കോളേജ് മന്ദിരവും നിർമാണം തുടങ്ങും. റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം കിട്ടിയ ഡി.എഡ്. ഇൻ സ്പെഷ്യൽ എജ്യൂക്കേഷൻ കോഴ്സും തുടങ്ങി. കുട്ടികൾക്ക് സൗജന്യമായും മുതിർന്നവർക്ക് സൗജന്യനിരക്കിലുമായിരിക്കും കേന്ദ്രത്തിൽ സേവനം കിട്ടുക.
സവിശേഷതകൾ
- ഏറ്റവും സൂക്ഷ്മചലന തെറാപ്പിയായ ഒക്യുപ്പേഷണൽ തെറാപ്പി മുതൽ നട്ടെല്ലിന് ക്ഷതമേറ്റവർക്ക് ചികിത്സയ്ക്കുശേഷമുള്ള സ്പൈനൽ ഇൻജുറി റിഹാബിലിറ്റേഷൻ സെന്റർ വരെ.
- ഭിന്നശേഷിക്കാരെ യാത്രയ്ക്ക് പ്രാപ്തരാക്കാൻ വെർച്വൽ റിയാലിറ്റി കേന്ദ്രങ്ങൾ. തീവണ്ടിയും കാറും ബസുമൊക്കെ നിർത്തുമ്പോൾ കയറേണ്ടത് എങ്ങനെയെന്ന് പരിശീലിപ്പിക്കും.
- സെൻസറി ഗാർഡൻ ഭിന്നശേഷിക്കാരുടെ മാനസികശാരീരിക ഉല്ലാസത്തിനും ക്രിയാത്മകതയ്ക്കും വഴിയൊരുക്കും.
- ഹൈഡ്രോഅക്വാട്ടിക് തെറാപ്പിക്കായി വലിയൊരു കെട്ടിടംതന്നെ ഒരുക്കിയിട്ടുണ്ട്.
- കോവിഡ്കാലമായതിനാൽ ഗ്രൂപ്പ് തെറാപ്പികളിൽ ഓരോരുത്തരെയും ചില്ലിട്ട യൂണിറ്റുകളിൽ വേർതിരിച്ച് അവർക്ക് ഒറ്റപ്പെടൽ മനസ്സിലാകാത്ത രീതിയിലാണ് തെറാപ്പി നടത്തുക.
- ഭിന്നശേഷിക്കാരെ ജോലിക്ക് പ്രാപ്തരാക്കുന്നതിനായി പാത്രനിർമാണ യൂണിറ്റ് മുതൽ പേപ്പർ ബാഗ് നിർമാണപരിശീലനകേന്ദ്രം വരെയുണ്ട്.