എൻസിഇആർടി പാഠപുസ്തകങ്ങൾ ആംഗ്യഭാഷയിലും പുറത്തിറക്കണം: ഭിന്നശേഷി കമ്മിഷൻ

ന്യൂഡൽഹി: ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളുടെ പാഠപുസ്തകങ്ങൾ ആംഗ്യഭാഷയിലും പുറത്തിറക്കണമെന്ന് ഭിന്നശേഷിക്കാർക്കായുള്ള ചീഫ് കമ്മിഷണർ എൻസിഇആർടിയോട് നിർദേശിച്ചു.

ഇന്ത്യൻ സൈൻ ലാംഗ്വേജ് റിസർച്ച് ആൻഡ് ട്രെയിനിങ് സെന്റർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്, സിബിഎസ്ഇ എന്നിവയുമായി സഹകരിച്ച് പാഠപുസ്തകങ്ങൾ ഇന്ത്യൻ ആംഗ്യഭാഷയിലേക്ക് മാറ്റാനാണ് നിർദേശം. ഇത് മൂന്നുമാസത്തിനകം നടപ്പാക്കണമെന്നും കേന്ദ്ര സാമൂഹികനീതി മന്ത്രാലയത്തിനു കീഴിലെ ചീഫ് കമ്മിഷണർ ആവശ്യപ്പെട്ടു.

എല്ലാ കേന്ദ്ര-സംസ്ഥാന വിദ്യാഭ്യാസ ബോർഡുകളിലും ആംഗ്യഭാഷയെ ഒരു ഭാഷാവിഷയമായി ഉൾപ്പെടുത്താനും ശുപാർശ ചെയ്തു. ബന്ധപ്പെട്ട വകുപ്പുകളും മന്ത്രാലയങ്ങളും സ്ഥാപനങ്ങളും സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് നൽകണം. സ്പെഷ്യൽ സ്കൂളുകളിൽ സർക്കാർ അംഗീകൃത ആംഗ്യഭാഷാ വ്യാഖ്യാതാക്കളുടെ കുറവുള്ളത് ചൂണ്ടിക്കാട്ടി ചീഫ് കമ്മിഷണർ സ്വമേധയാ എടുത്ത കേസിലാണ് നിർദേശം.

ആറുമുതൽ 20 വയസ്സുവരെയുള്ള ഭിന്നശേഷിക്കാരിൽ 20 ശതമാനവും കേൾവിശക്തിയുമായി ബന്ധപ്പെട്ട പ്രശ്നം നേരിടുന്നുണ്ടെന്നും ആംഗ്യഭാഷാ തർജ്ജമകളില്ലാത്തത് അവരുടെ തുടർവിദ്യാഭ്യാസത്തെ ബാധിക്കുന്നുണ്ടെന്നും ചീഫ് കമ്മിഷണർ പറഞ്ഞു. ഇന്ത്യൻ ആംഗ്യഭാഷ പ്രചാരത്തിലാക്കണമെന്ന് ദേശീയവിദ്യാഭ്യാസ നയത്തിൽ പറയുന്നുണ്ടെങ്കിലും അതു കൃത്യമായി നടപ്പാക്കുന്നില്ല.

Exit mobile version