ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോൾ ഒരു വിഭാഗത്തിന്റെയും സംവരണം നഷ്ടമാകില്ല: മന്ത്രി

സുല്‍ത്താന്‍ബത്തേരി: ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോള്‍ ഒരു വിഭാഗത്തിന്റെയും സംവരണം നഷ്ടമാകില്ലെന്ന് മന്ത്രി ആർ. ബിന്ദു.

‘തിരശ്ചീന രീതിയിലാണ് (horizontal) ഭിന്നശേഷി സംവരണം നടപ്പാക്കുക. നിലവിൽ സംവരണ ആനുകൂല്യം ലഭിക്കുന്ന സാമൂഹിക വിഭാഗങ്ങൾക്ക് നഷ്ടം ഉണ്ടാകില്ല. ഭിന്നശേഷി വിഭാഗക്കാർക്ക് അർഹമായ സംവരണ ആനുകൂല്യമാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

മുസ്‌ലിം സംവരണം രണ്ടു ശതമാനം കുറവ് വരുന്ന രീതിയിൽ ഭിന്നശേഷി സംവരണം നടപ്പാക്കാൻ സാമൂഹിക നീതി വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് വിവാദമായിരുന്നു. ഈ പശ്ചാതലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഭിന്നശേഷി സംവരണം 4 ശതമാനം നടപ്പാക്കാനായി 2019 ഒക്ടോബറില്‍ സാമൂഹിക നീതി വകുപ്പ് ഉത്തരവ് പുറത്തിറക്കിയപ്പോഴാണ് ഈ പ്രശ്നം ആദ്യം ഉയരുന്നത്. സംവരണത്തിനുള്ള റൊട്ടേഷനില്‍ 1,26,51,76 എന്ന ക്രമത്തില്‍ ഭിന്നശേഷി വിഭാഗത്തെയും ഉള്‍പ്പെടുത്തണമെന്നായിരുന്നു നിർദേശം.

ഇതില്‍ 26, 76 റൊട്ടേഷന്‍ മുസ്‌ലിം വിഭാഗത്തിന്റേതായതിനാല്‍ ഈ രീതിയില്‍ നിയമനം നടത്തിയാല്‍ മുസ്‍ലിം സംവരണം രണ്ട് ശതമാനം കുറയും. ഇത് അന്നു തന്നെ ചൂണ്ടിക്കാണിച്ചപ്പോള്‍ ഒരു വിഭാഗത്തിന്റെയും സംവരണത്തില്‍ കുറവ് വരുത്താതെ തന്നെ ഭിന്നശേഷി സംവരണം നടപ്പാക്കുമെന്ന് മന്ത്രി നിയമസഭയില്‍ ഉറപ്പ് നല്‍കി.

എന്നാല്‍ ഭിന്നശേഷി സംവരണം 4 ശതമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ഉത്തരവിറക്കിയപ്പോഴും സംവരണ റൊട്ടേഷനില്‍ മാറ്റം വരുത്തിയിട്ടില്ല.

ഭിന്നശേഷി സംവരണം അനിവാര്യമായും നടപ്പാക്കേണ്ടതാണ്. എന്നാൽ, മറ്റൊരു ദുർബല വിഭാഗത്തിന്റെ അവകാശം കവർന്നെടുത്തുകൊണ്ടല്ലെന്നുമായിരുന്നു മുസ് ലിം സംഘടനകള്‍ വ്യക്തമാക്കിയിരുന്നത്.

Exit mobile version