ന്യൂഡല്‍ഹി: ഭിന്നശേഷി വിഭാഗത്തില്‍ പെട്ട (സിഡബ്യുഎസ്എന്) കുട്ടികളുടെ അവകാശ സംരക്ഷണത്തില്‍ ശ്രദ്ധേയ ഇടപെടല്‍ നടത്തി സുപ്രീം കോടതി. ഈ വിഭാഗത്തില്‍ പെട്ട കുട്ടികളുടെ മികച്ച വിദ്യാഭ്യാസവും പരിശീലനും ഉറപ്പു വരുത്തുന്നതിനായി പ്രത്യേകം അധ്യാപകരെ നിയമിക്കാന്‍ അടിയന്തരമായി സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്കി.
സിഡബ്യുഎസ്എന് വിഭാഗത്തില്‍ പെട്ട കുട്ടികളുമായി ഇടപഴകാനും മറ്റും സ്കൂളുകളിലെ സാധാരണ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നിര്‍ബന്ധ പരിശീലനം നല്‍കണമെന്നും സുപ്രീം കോടതി പ്രത്യേകം നിര്‍ദേശിച്ചു.
സംസ്ഥാനങ്ങളിലെ സ്കൂളുകളില്‍ വ്യാഴാഴ്ച മുതല്‍ ആറു മാസത്തിനുള്ളില്‍ സ്പെഷ്യല്‍ ടീച്ചര്‍മാരുടെ എല്ലാ ഒഴിവുകളിലും നിയമനം പൂര്‍ത്തിയാക്കണം.
2022-2023 അധ്യയന വര്‍ഷത്തിനുള്ളില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട എല്ലാ ഒഴിവുകളിലും നിയമനം നടത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
സിഡബ്യുഎസ്എന് വിഭാഗത്തില്‍ പെട്ട കുട്ടികള്‍ വിദ്യാഭ്യാസ രംഗത്തും മറ്റു പരിശീലന രംഗത്തും നേരിടുന്ന അപര്യാപ്തതകളും അടിയന്തര ആവശ്യങ്ങളും ചൂണ്ടിക്കാട്ടി സുപ്രീം കോടതി നൂറ് പേജുള്ള വിധിയാണ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്.
ഇതും സംബന്ധിച്ചു 2022 ഫെബ്രുവരിക്ക് ഉള്ളില്‍ ബന്ധപ്പെട്ട വകുപ്പിലെ സംസ്ഥാന കമ്മീഷണര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
സ്പെഷ്യല്‍ ടീച്ചര്‍മാരുടെ നിയമനത്തിന് സ്ഥിരം മാനദണ്ഡം നിലവില്‍ വരുന്നതു വരെ 2019ല്‍ ഡല്‍ഹി സംസ്ഥാന കമ്മീഷന്റെ ശിപാര്‍ശകള്‍ അനുസരിച്ച് തത്കാലം നിയമനം നടത്താമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.
അതനുസരിച്ച് സ്കൂളുകളില്‍ സെറിബ്രല്‍ പാല്‍സി ബാധിച്ച എട്ട് വിദ്യാര്‍ഥികള്‍ക്ക് ഒരു സ്പെഷ്യല്‍ ടീച്ചര്‍ (8:1), ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ ഉള്ള അഞ്ച് കുട്ടികള്‍ക്ക് ഒരു സ്പെഷ്യല്‍ ടീച്ചര്‍ (5:1), മൂകരും ബധിരരുമായ രണ്ട് കുട്ടികള്‍ക്ക് ഒരു സ്പെഷ്യല്‍ ടീച്ചര്‍ (2:1) എന്ന നിലയിലാണ് വിദ്യാര്‍ഥി-അധ്യാപക അനുപാതം. ആവശ്യമെങ്കില്‍ അധ്യാപകരുടെ എണ്ണം വര്‍ധിപ്പിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സിഡബ്യുഎസ്എന് വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും പരിശീലനവും ലഭിക്കുന്നത് സംബന്ധിച്ച രജനീഷ് പാണ്ഡേയും മറ്റു മാതാപിതാക്കളും നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ശ്രദ്ധേയ ഇടപെടല്‍ നടത്തിയിരിക്കുന്നത്.
സ്പെഷ്യല്‍ സ്കൂളുകളിലെ അധ്യാപക-വിദ്യാര്‍ഥി അനുപാതത്തിനുള്ള നിബന്ധനകളും മാനദണ്ഡങ്ങളും പ്രസിദ്ധീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
അതിനു പുറമേ സിഡബ്യുഎസ്എന് വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്കു മാത്രമായി അധ്യാപനവും പരിശീലനവും നടത്താനുള്ള സ്പെഷ്യല്‍ ടീച്ചര്‍മാരുടെ നിയമനത്തിനുള്ള നിബന്ധനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും വിജ്ഞാപനം ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഭിന്നശേഷി വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്നതിനായി രാജ്യത്താകെ 28,535 സ്പെഷ്യല്‍ ടീച്ചര്മാര് മാത്രമേയുള്ളൂ.
അതിനാല്‍ സംസ്ഥാനങ്ങളോട് എത്രയും വേഗം ഈ വിഭാഗത്തില്‍ പെട്ട അധ്യാപകരുടെ ഒഴിവ് നികത്താന്‍ നിര്‍ദേശിക്കണമെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
രാജ്യത്ത് സിഡബ്യുഎസ്എന് വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും പരിശീലനവും നല്‍കുന്നതിനുള്ള അധ്യാപകരുടെ വിദഗ്ധരുടെയും സ്പെഷ്യല്‍ ടീച്ചര്‍മാരുടെയും കടുത്ത അഭാവമുണ്ടെന്ന് ജസ്റ്റീസ് എ.എം ഖാന്‍വില്‍ക്കര്‍, ജസ്റ്റീസുമാരായ ദിനേശ് മഹേശ്വരി, സി.ടി രവികുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.
നിലവില്‍ ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ സിഡബ്യുഎസ്എന് വിഭാഗത്തില്‍ പെട്ട 22.5 ലക്ഷം കുട്ടികള്‍ ആണുള്ളത്.
ഇവരുടെ അധ്യാപനത്തിനായി വെറും 4.33 ലക്ഷം ജനറല്‍ അധ്യാപകരും 28,535 സ്പെഷ്യല്‍ ടീച്ചര്‍മാരും മാത്രമാണുള്ളത്.