ഭിന്നശേഷിക്കാരിയെ സർവീസിൽ തിരിച്ചെടുക്കാൻ ഉത്തരവ്

തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിൽ പാർട്ട് ടൈം സ്വീപ്പറായി ജോലി ചെയ്തു വരവെ പിരിച്ചുവിടപ്പെട്ട ഭിന്നശേഷിക്കാരിയെ മുൻകാല പ്രാബല്യത്തോടെ സർവീസിൽ തിരിച്ചെടുക്കാൻ സംസ്ഥാന ഭിന്നശേഷി കമ്മിഷൻ എസ്.എച്ച്. പഞ്ചാപകേശൻ ഉത്തരവായി.

തിരുവനന്തപുരം നന്ദിയോട് പച്ചയിൽകോണം വയലരികത്ത് വീട്ടിൽ കെ. സുമയെയാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന പാർട്ട് ടൈം സ്വീപ്പറായി മൃഗസംരക്ഷണ വകുപ്പിന്റെ പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഹെൽത്ത് & വെറ്ററിനറി ബയോളജിക്കൽസിൽ നിയമിച്ചത്.

ജോലി ചെയ്തു വരവെ ജില്ലാ മൃഗസംരക്ഷണ ഓഫീസർ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.

ഇതിനെതിരെ സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റിൽ നൽകിയ പരാതിയിലാണ് പിരിച്ച്‌വിട്ട തീയതി മുതലുള്ള ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും നൽകി സർവീസിൽ തിരികെ പ്രവേശിപ്പിക്കാൻ ഉത്തരവായത്.

Exit mobile version