ഭിന്നശേഷിയുള്ള ഡോക്ടറുടെ ശമ്പളം തടഞ്ഞു വച്ച മെഡിക്കല്‍ ഓഫീസറേയും സൂപ്രണ്ടിനേയും തല്‍സ്ഥാനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ഉത്തരവ്

തിരുവനന്തപുരം: ഭിന്നശേഷിയുള്ള വനിതാ ഡോക്ടറുടെ ശമ്പളം സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന് വ്യക്തത ഇല്ല എന്ന കാരണം ചൂണ്ടിക്കാട്ടി തടഞ്ഞു വെച്ചിരിക്കുന്ന തൃശ്ശൂര്‍ ജില്ലാ ആരോഗ്യ മെഡിക്കല്‍ ഓഫീസറേയും ചാലക്കുടി താലൂക്ക് ആശുപത്രി സൂപ്രണ്ടിനേയും തല്‍സ്ഥാനങ്ങളില്‍ നിന്നും അടിയന്തരമായി മാറ്റിനിര്‍ത്താന്‍ സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

തൃശ്ശൂര്‍ ജില്ലാ ആരോഗ്യ മെഡിക്കല്‍ ഓഫീസര്‍ ഡോ. റീന കെ.ജെ., ചാലക്കുടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷീജ എന്‍.എ. എന്നിവരെയാണ് അടിയന്തരമായി ആ സ്ഥാനങ്ങളില്‍ നിന്നും മാറ്റാനും നിയമവിരുദ്ധമായ നിലപാടെടുത്തതിനെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കാനും കമ്മീഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ ഉത്തരവിട്ടത്.

ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ദന്തല്‍ സര്‍ജന്‍ ഭിന്നശേഷിയുള്ള വനിത ഡോ. സിബിയ എസ്, കോവിഡ് 19 മഹാമാരിയുടെ രണ്ടാം വ്യാപനമുണ്ടായ 2021 മേയ്-ജൂണ്‍ മാസങ്ങളില്‍ ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ കാഷ്വല്‍ ലീവിന് അപേക്ഷിച്ചിരുന്നു.

എന്നാല്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളില്‍ വ്യക്തത പോര എന്ന കാരണം പറഞ്ഞ് സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് അനുവദിക്കാതിരിക്കുകയും ലീവ് കാലയളവിലെ ശമ്പള ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ഡോ. സിബിയ സംസ്ഥാന ഭിന്നശേഷി കമ്മീഷണറെ സമീപിക്കുകയായിരുന്നു.

ഇതു സംബന്ധിച്ച അന്വേഷണം അഡീഷണല്‍ സെക്രട്ടറിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് നടത്താനും അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കുന്നതുവരെ ആരോഗ്യവകുപ്പിലെ ഭരണപരമായ ചുമതലയുള്ള ഒരു തസ്തികയിലും അവരെ നിയമിക്കരുതെന്നും കമ്മീഷണര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കി.

ഡോ. സിബിയയുടെ സ്‌പെഷ്യല്‍ കാഷ്വല്‍ ലീവും ശമ്പളവും പ്രത്യേക കേസായി പരിഗണിച്ച് അനുവദിച്ചു നല്‍കാന്‍ ആരോഗ്യ വകുപ്പു ഡയറക്ടര്‍ക്ക് നിര്‍ദ്ദേശവും കമ്മീഷണര്‍ നല്‍കി.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button