തിരുവനന്തപുരം: ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളായ സർക്കാർ ഉദ്യോഗസ്ഥരെയും അധ്യാപകരെയും പൊതുസ്ഥലം മാറ്റത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി.
ഇത്തരക്കാരെ അത്യാവശ്യഘട്ടങ്ങളിൽ അഞ്ചുവർഷം കഴിഞ്ഞു സ്ഥലം മാറ്റുകയാണെങ്കിൽ കഴിവതും തൊട്ടടുത്ത ഓഫീസിൽ നിയമിക്കണം. എന്നാൽ അച്ചടക്ക നടപടി, ക്രിമിനൽ കേസ്, വിജിലൻസ് അന്വേഷണം എന്നിവയിൽ ഉൾപ്പെട്ടാൽ സ്ഥലംമാറ്റത്തിനുള്ള ആനുകൂല്യം ബന്ധപ്പെട്ട വകുപ്പുകൾക്ക് പുനർ പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കി.
വിഷയത്തിൽ ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ 2016ലെ ഉത്തരവ് കൂടി കണക്കിൽ എടുത്തു പുതിയ ഉത്തരവ് സംസ്ഥാന സർക്കാർ പുറപ്പെടുവിക്കണമെന്നു ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു.