ഭിന്നശേഷി കുട്ടികൾക്കുള്ള പെൻഷൻ: നടപടി തിരുത്തി സര്‍ക്കാര്‍

താത്കാലിക വൈകല്യം എന്നു രേഖപ്പെടുത്തിയ ഭിന്നശേഷി സർട്ടിഫിക്കറ്റുള്ളവർക്കും സാമൂഹിക സുരക്ഷാ പെൻഷന് അർഹതയുണ്ടെന്ന് സ്പഷ്ടീകരണം നൽകി സർക്കാർ.

ഇത്തരം സർട്ടിഫിക്കറ്റുള്ളവർക്ക് പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങൾ സർക്കാരിന് ലഭിക്കുന്നുണ്ട്.

ധനകാര്യവകുപ്പാണ് ഇക്കാര്യത്തിൽ മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഉത്തരവിറക്കിയത്. ആരോഗ്യവകുപ്പ് ഡയറക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.

ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന പതിനെട്ടുവയസ്സിൽ താഴെയുള്ളവർക്ക് ഇടവേളകളിൽ ഭിന്നശേഷിവിലയിരുത്തൽ ആവശ്യമെന്ന് സൂചിപ്പിച്ചാണ് ’താത്കാലിക വൈകല്യം’ എന്നു രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് നൽകുന്നത്.

നിലവിലുള്ള ഭിന്നശേഷിയിൽ മാറ്റങ്ങൾ ഉണ്ടാകാമെന്ന് മെഡിക്കൽ ബോർഡ് പരിശോധനയിൽ കണ്ടെത്തുന്നവർക്ക് ഒരു പ്രത്യേക കാലയളവിലേക്കുമാത്രം സാധുതയുള്ള ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

ഇത് ഹാജരാക്കുന്നപക്ഷം ഈ കാലയളവിലേക്ക് ഭിന്നശേഷി പെൻഷൻ ലഭിക്കുമെന്നാണ് സർക്കാർ ഉത്തരവ്.

മെഡിക്കൽ ബോർഡിന് മുമ്പാകെ പുനഃപരിശോധനയ്ക്ക് വിധേയമായശേഷം അനുവദിക്കുന്ന ഭിന്നശേഷി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ഈ കാലയളവിനുശേഷം പെൻഷൻ തുടർന്നു ലഭിക്കുകയുള്ളൂ.

സ്ഥിരം വൈകല്യം എന്നു രേഖപ്പെടുത്തിയവർക്ക് യുണീക്ക് ഡിസെബിലിറ്റി ഐ.ഡി. കാർഡ് ലഭിക്കുന്നപക്ഷം നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം ഭിന്നശേഷി പെൻഷൻ തുടർന്നും ലഭിക്കും.

സർട്ടിഫിക്കറ്റുകളിൽ വൈകല്യത്തിന്റെ കാലാവധി, താത്കാലികം, സ്ഥിരം എന്നിവസംബന്ധിച്ച് കൃത്യമായ രേഖപ്പെടുത്തലുകൾ വരുത്തുന്നെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.

Exit mobile version