ഭിന്നശേഷി പെൻഷൻ: തിരിച്ചറിയൽ കാർഡ് നിർബന്ധം

തിരുവനന്തപുരം: തിരിച്ചറിയൽ രേഖയില്ലെങ്കിൽ ഭിന്നശേഷിക്കാർക്ക് നൽകുന്ന പെൻഷനിൽ നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാനം. പെൻഷൻ നൽകുന്നതിനുള്ള ആധികാരികത ഉറപ്പാക്കാൻ യു.ഡി.ഐ.ഡി. നിർബന്ധമാക്കണമെന്നാണ് നിർദേശം.

ഭിന്നശേഷിക്കാർക്കുള്ള ഏകീകൃത തിരിച്ചറിയൽ രേഖയായ യുണീക് ഡിസെബിലിറ്റി ഐ.ഡി.(യു.ഡി.ഐ.ഡി.)യിൽ രജിസ്റ്റർ ചെയ്യാതെ പെൻഷൻ വാങ്ങുന്നവരെയാണ് ഇത്‌ ബാധിക്കുക.

ഏകീകൃത തിരിച്ചറിയൽ രേഖയും പെൻഷൻ ലഭ്യമാക്കുന്ന സേവനാ സോഫ്റ്റ്‌വേറും സംയോജിപ്പിക്കണമെന്നും പെൻഷൻ അനുവദിക്കുമ്പോൾ സ്ഥിരംവൈകല്യമെന്ന് രേഖപ്പെടുത്തിയവർക്ക് യു.ഡി.ഐ.ഡി. വഴിവേണം ആധികാരികത ഉറപ്പാക്കാനെന്നും നിർദേശത്തിൽ പറയുന്നു.

സംസ്ഥാനത്ത് എട്ടുലക്ഷത്തോളം ഭിന്നശേഷിക്കാരാണുള്ളത്. എന്നാൽ, മൂന്നുലക്ഷത്തിലേറെപ്പേർമാത്രമാണ് നിലവിൽ യു.ഡി.ഐ.ഡി.യും സേവനയുമായി ബന്ധിപ്പിച്ചിട്ടുള്ളത്. 5,36,832 പേർ നിലവിൽ പെൻഷൻ വാങ്ങുന്നുണ്ട്.

ഭിന്നശേഷിക്കാരുടെ വിവരശേഖരണത്തിനായി സാമൂഹ്യനീതിവകുപ്പ് ആരംഭിച്ച തന്മുദ്ര സർവേ ഈ മാസം പൂർത്തീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപ്പായില്ല. തന്മുദ്രയിലൂടെ രജിസ്‌ട്രേഷൻ പൂർത്തീകരിച്ചശേഷം ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകാനായിരുന്നു ശ്രമം.

പ്രത്യേക രജിസ്‌ട്രേഷൻ പരിപാടി, യു.ഡി.ഐ.ഡി. അദാലത്ത്, മെഡിക്കൽ ബോർഡ് എന്നിവയാണ് തന്മുദ്രയുടെ ഭാഗമായി നടക്കുന്നത്. അടുത്തവർഷം പകുതിയോടെ യു.ഡി.ഐ.ഡി. കെ-സ്മാർട്ട് വഴി നടപ്പാക്കാനുള്ള ആലോചനയിലാണ് സംസ്ഥാനം.

40 ശതമാനംമുതൽ ഭിന്നശേഷിയുള്ളവർക്കാണ് 1600 രൂപവീതം പ്രതിമാസം നൽകുന്നത്.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button