പെൻഷൻ: സംസ്ഥാനത്ത് ഭിന്നശേഷി അവകാശനിയമം ലംഘിക്കുന്നു

ഭിന്നശേഷിക്കാർക്കുളള പെൻഷനും ആനുകൂല്യങ്ങളും നൽകുന്നതിൽ സംസ്ഥാനത്ത് കേന്ദ്രനിയമം വർഷങ്ങളായി ലംഘിക്കപ്പെടുന്നു.

2016-ലെ ഭിന്നശേഷി അവകാശനിയമം (റൈറ്റ് ടു പേഴ്‌സൺ വിത്ത് ഡിസെബിലിറ്റി ആക്ട്- ആർ.പി.ഡബ്ല്യു.ഡി.) അനുസരിച്ച് പെൻഷനും സ്കോളർഷിപ്പും മറ്റ് ആനുകൂല്യങ്ങളും സമൂഹത്തിലെ മറ്റുള്ളവർക്ക് നൽകുന്നതിനെക്കാൾ 25 ശതമാനം അധികം ഭിന്നശേഷിക്കാർക്ക് നൽകണമെന്നാണ്.

കേരളത്തിൽ പെൻഷൻ ഏകീകരിച്ചതുമുതൽ ഭിന്നശേഷിക്കാർക്ക് ഇത് ലഭിക്കുന്നില്ല. സാമൂഹികസുരക്ഷാ പെൻഷൻ തുകയായ 1600 രൂപതന്നെയാണ് ഭിന്നശേഷിക്കാർക്കും ലഭിക്കുന്നത്. ഇവർക്ക് 2000 രൂപ പെൻഷൻ ലഭിക്കാൻ നിയമപ്രകാരം അർഹതയുണ്ട്.

ആക്ടിന്റെ സെക്‌ഷൻ 24 (1)-ലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഭിന്നശേഷിക്കാർക്ക് 25 ശതമാനം കൂടുതൽ പെൻഷൻ തുക ലഭിക്കാൻ അർഹതയുണ്ടെന്ന് കാണിച്ച് ഭിന്നശേഷി ക്ഷേമക്കമ്മിഷൻ അധ്യക്ഷൻ എസ്.എച്ച്. പഞ്ചാപകേശൻ മൂന്നുതവണ സർക്കാരിന് കത്തെഴുതിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

അയൽസംസ്ഥാനങ്ങളിലെല്ലാം പെൻഷനിൽ 25 ശതമാനം അധികം തുക ഭിന്നശേഷിക്കാർക്ക് നൽകുന്നുണ്ട്. ചില സംസ്ഥാനങ്ങളിൽ ഇവർക്കുമാത്രമായി പ്രത്യേക പെൻഷനുമുണ്ട്. കേരളത്തിൽ പെൻഷൻ ഏകീകരിക്കുന്നതിനുമുമ്പ് ഭിന്നശേഷിക്കാർക്ക് 300 രൂപ അധികം ലഭിക്കുമായിരുന്നു. പെൻഷൻ ഏകീകരിച്ചതോടെ ഇതില്ലാതായി.

സാമൂഹികസുരക്ഷാ പെൻഷനുള്ള എല്ലാ മാനദണ്ഡങ്ങളും ഭിന്നശേഷിപെൻഷനും ബാധകമാണെന്നതാണ് ഈ പരിഷ്‌കരണം കൊണ്ടുണ്ടായ മറ്റൊരു വിന. കുടുംബത്തിന്റെ മൊത്തം വാർഷികവരുമാനം ഒരുലക്ഷത്തിൽ കൂടുതലായാൽ കിടപ്പുരോഗികളായ ഭിന്നശേഷിക്കാർക്കുപോലും പെൻഷൻ കിട്ടാത്ത സ്ഥിതിയാണ്.

ഭിന്നശേഷിക്കാരുടെ പെൻഷൻ മറ്റുസംസ്ഥാനങ്ങളിൽ വർഷംതോറും വർധിപ്പിക്കുമ്പോൾ ഇവിടെ അതുമില്ല. നിലവിൽ പെൻഷൻ മുടങ്ങിയിട്ട് ഏഴുമാസമായി.

ഭിന്നശേഷിക്കാരെ പ്രത്യേക വിഭാഗമായി പരിഗണിച്ച് പെൻഷൻ നൽകണമെന്നു ഭിന്നശേഷി കൂട്ടായ്‌മ സർക്കാരിനോട് ആവശ്യപ്പെട്ടു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button