അംഗപരിമിതർക്ക് ഐപിഎസിന് അപേക്ഷിക്കാൻ അനുമതി

റെയില്‍വേയിലടക്കമുള്ള സുരക്ഷാസേനകളിലേക്കും അപേക്ഷിക്കാം

ന്യൂഡെൽഹി: സിവിൽ സർവീസ് പരീക്ഷ വിജയിച്ച അംഗപരിമിതർക്ക് ഐപിഎസിന് അപേക്ഷിക്കാൻ അനുമതി നൽകി സുപ്രീം കോടതി. ഇതുസംബന്ധിച്ച് കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കി.

ഐപിഎസിന് പുറമേ, ഇന്ത്യൻ റെയിൽവേ സുരക്ഷാസേന, ഡെൽഹി, ദാമൻ ആൻഡ്‌ ദിയു, ദാദ്ര ആൻഡ്‌ നാഗർ ഹവേലി, ആൻഡമാൻ ആൻഡ്‌ നിക്കോബാർ, ലക്ഷദ്വീപ് പോലീസ് സേനകളിലേക്ക് അപേക്ഷിക്കാനും സുപ്രീംകോടതി അനുമതി നൽകി.

വിഷയത്തിൽ സുപ്രീം കോടതിയുടെ അന്തിമ വിധിയുടെ അടിസ്‌ഥാനത്തിൽ ആയിരിക്കും നിയമനം ഉൾപ്പടെയുള്ള തുടർനടപടികൾ. നിലവിൽ അപേക്ഷ സമർപ്പിക്കാനുള്ള അനുമതിയാണ് കോടതി നൽകിയിരിക്കുന്നത്.

‘നാഷണൽ പ്ളാറ്റ്‌ഫോം ഫോർ റൈറ്റ്‌സ്’ എന്ന എൻജിഒ സമർപ്പിച്ച റിട്ട് ഹരജിയിലാണ് ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ, അഭയ് എസ് ഓക്ക എന്നിവർ അടങ്ങുന്ന ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

സിവിൽ സർവീസസ് പരീക്ഷ വിജയിച്ചവർക്ക് ഏത് സർവീസിൽ  പ്രവർത്തിക്കാനാണ് താത്പര്യമെന്ന് വ്യക്തമാക്കി അപേക്ഷ നൽകേണ്ട അവസാന തീയതി വ്യാഴാഴ്ചയായിരുന്നു. എന്നാൽ അംഗപരിമിതർക്ക് ഏപ്രിൽ ഒന്നിന് നാല് മണി വരെ അപക്ഷേ നൽകാൻ കോടതി സമയം അനുവദിച്ചു. ഏപ്രിൽ 15ന് ഹർജി വീണ്ടും പരിഗണിക്കും.

Exit mobile version