കേന്ദ്ര സർക്കാർ ജീവനക്കാരുടെ സ്ഥാനക്കയറ്റം: 4% ഭിന്നശേഷിക്കാർക്ക് നീക്കിവയ്ക്കണം

കൊച്ചി: ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിൽ ഭിന്നശേഷിക്കാർക്കു 4% നീക്കിവയ്ക്കണമെന്നു കേന്ദ്ര സർക്കാർ വിവിധ വകുപ്പുകൾക്കു നിർദേശം നൽകി. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്.

2016 ലെ ഭിന്നശേഷി അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി. 4% സംവരണത്തിലെ ഓരോ ശതമാനം വീതം കാഴ്ച പരിമിതർ, കേൾവി പരിമിതർ, ചലനശേഷി കുറഞ്ഞവർ, ഓട്ടിസം പോലുള്ള മറ്റു ഭിന്നശേഷിയുള്ളവർ എന്നിവർക്കായി നീക്കിവയ്ക്കണം. 100 ഒഴിവുകളുണ്ടെങ്കിൽ 1, 26, 51, 76 ക്രമത്തിലാണ് ഈ സംവരണത്തിനു പരിഗണിക്കേണ്ടത്.

ഏതെങ്കിലും തസ്തികകൾ, ജോലി, സ്ഥാപനങ്ങൾ എന്നിവയെ ഭിന്നശേഷി സംവരണത്തിൽ നിന്ന് ഒഴിവാക്കണമെങ്കിൽ പ്രത്യേകം വിജ്ഞാപനം പുറപ്പെടുവിക്കണം.

സർവീസിനിടയിൽ വൈകല്യമുണ്ടായാൽ ജോലിയിൽ നിന്ന് ഒഴിവാക്കാനോ റാങ്ക് കുറയ്ക്കാനോ പാടില്ല. അപ്പോൾ ജോലി ചെയ്യുന്ന തസ്തിക ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്കു യോജിച്ചതല്ലെങ്കിൽ ഉചിതമായ മറ്റൊരു തസ്തികയിലേക്കു മാറ്റണം.

സർവീസ് കാലയളവിലാണ് വൈകല്യമുണ്ടാകുന്നതെങ്കിലും സ്ഥാനക്കയറ്റത്തിൽ ഭിന്നശേഷി സംവരണത്തിന് അർഹതയുണ്ടാകും. എന്നാൽ, വൈകല്യം സംഭവിച്ച ദിവസം മുതലാണു സീനിയോറിറ്റി കണക്കാക്കുക.

ഭിന്നശേഷി വിഭാഗത്തിൽപെടുന്ന ഒരാൾക്ക് സംവരണമില്ലാതെ തന്നെ സ്ഥാനക്കയറ്റത്തിന് അർഹതയുണ്ടെങ്കിൽ പൊതുവിഭാഗത്തിൽ പരിഗണിക്കണം.

സ്ഥാനക്കയറ്റം സിലക്‌ഷൻ വഴിയാണെങ്കിൽ ഭിന്നശേഷി വിഭാഗത്തിലെ യോഗ്യതയുള്ളവരെ മുഴുവൻ സംവരണ തസ്തികയിലേക്കു പരിഗണിക്കണം.

സ്ഥാനക്കയറ്റ തസ്തികകൾ വിജ്ഞാപനം ചെയ്യുമ്പോൾ തന്നെ ഭിന്നശേഷി വിഭാഗക്കാർക്ക് എത്ര ഒഴിവുകളുണ്ടെന്നു മുൻകൂട്ടി പറയണം തുടങ്ങിയ നിർദേശങ്ങളാണു സർക്കാർ നൽകിയിട്ടുള്ളത്.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button