ഭിന്നശേഷിക്കാരുടെ അന്താരാഷ്ട്ര ദിനത്തിൽ ഭിന്നശേഷി കമ്മിഷണർ കേരള കൗമുദിയിൽ എഴുതിയ ’പിറക്കട്ടെ തുല്യപങ്കാളിത്തത്തിലെ പുതുലോകം’ എന്ന ലേഖനം വായിച്ചു.
ഭിന്നശേഷി അവകാശ നിയമപ്രകാരമുള്ള നാല് ശതമാനം സംവരണം സർക്കാർ പൊതുമേഖലാ ജോലികളിൽ ബഞ്ച് മാർക്ക് ഡിസെബിലിറ്റിയുള്ള ഭിന്നശേഷിക്കാർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് കമ്മിഷണറേറ്റിന്റെ ചുമതലയിൽപ്പെടുന്നു എന്ന് അദ്ദേഹം പറയുന്നുണ്ട്.
2016 ലെ നിയമത്തിൽ പറയുന്ന നാല് ശതമാനം സംവരണവും 1995-ലെ നിയമത്തിൽ പറഞ്ഞ മൂന്ന് ശതമാനം സംവരണവും മുൻകാല പ്രാബല്യത്തോടെ ഉറപ്പാക്കണമെന്ന് സുപ്രീം കോടതിയും കേരള ഹൈക്കോടതിയും ആവർത്തിച്ചിട്ടുളളതാണ്. ( Sunil Kumar Vs Cochin University Of Science and Technology 2020 ( 6) KLT110 കാണുക).
പുതിയ നിയമനത്തിൽ മാത്രമല്ല, മൊത്തം തസ്തികകളിൽ നിശ്ചിത ശതമാനം ഭിന്നശേഷിക്കാർ ആയിരിക്കണം എന്നാണ് നിയമം.
നാളിതുവരെ എത്ര ഭിന്നശേഷിക്കാർ ഓരോ വകുപ്പിലും പൊതുമേഖലയിലും സർക്കാർ സഹായം പറ്റുന്ന ഇതര സ്ഥാപനങ്ങളിലും (ദേവസ്വം ബോർഡ് തുടങ്ങിയ ബോർഡുകൾ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതലായവ) ഉണ്ട് ?
അവയിലെല്ലാം കൂടി എത്ര ജീവനക്കാരുണ്ട്? ഓരോ വർഷവും എത്ര നിയമനം നടത്തുന്നുണ്ട് ? അതിൽ എത്ര ഭിന്നശേഷിക്കാരെ എവിടെയൊക്കെ നിയമിച്ചു?
ഈ വിവരങ്ങൾ ആവശ്യപ്പെട്ട് 24.09.2019 ൽ കമ്മിഷണറേറ്റിലേക്ക് വിവരാവകാശ അപേക്ഷ നൽകിയിരുന്നു. കിട്ടിയ മറുപടി, ഇതൊന്നും ലഭ്യമല്ലെന്നാണ്.
അപ്പീൽ അധികാരി (അന്നത്തെ കമ്മിഷണർ) നൽകിയ മറുപടി സാമൂഹ്യനീതി വകുപ്പിലേക്ക് അപേക്ഷ കൈമാറിയെന്നാണ്. അവിടെയും വിവരങ്ങൾ ലഭ്യമല്ലെന്ന മറുപടി വീണ്ടും കിട്ടി.
സംസ്ഥാന വിവരാവകാശ കമ്മിഷണർക്ക് നൽകിയ അപ്പീൽ നാളിതുവരെ വെളിച്ചം കണ്ടിട്ടില്ല.
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 18.11.2018 ലെ ഉത്തരവ് പ്രകാരം നിയമം നടപ്പാക്കി. അതിനുശേഷം 21.12.2020 ലെ ഉത്തരവിന് ശേഷം എയ്ഡഡ് സ്ഥാപനങ്ങളിൽ എത്ര നിയമനം നടന്നു, എത്ര ഭിന്നശേഷിക്കാരെ എവിടെയൊക്കെ നിയമിച്ചു എന്നറിയാൻ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് കിട്ടിയ മറുപടിയും വിവരങ്ങൾ ലഭ്യമല്ലെന്നാണ്.
ഈ വിവരങ്ങൾ ശേഖരിക്കാൻ നടപടികൾ കൈക്കൊണ്ടിട്ടില്ലെന്നും അറിയിച്ചു.
അപ്പീലിന് നൽകിയ മറുപടി മറ്റിടങ്ങളിൽ നിന്ന് വിവരം ശേഖരിക്കലല്ല കമ്മിഷണറേറ്റിന്റെ ചുമതല എന്നാണ്.
ഈ വിവരങ്ങളൊന്നും ഇല്ലാതെ എങ്ങനെയാണ് കമ്മിഷണറേറ്റ് ചുമതലകൾ നിർവഹിക്കുക?
അഡ്വ. കെ.എൻ. യശോധരൻ, പത്തനംതിട്ട