സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ കോളജുകളിലെ തസ്തികകളിൽ ഭിന്നശേഷിക്കാർക്ക് നാല് ശതമാനം സംവരണം ഏർപ്പെടുത്തിയ സർക്കാർ തീരുമാനം ഹൈക്കോടതി ശരിവച്ചു.
സർക്കാർ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന എല്ലാ സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാർക്ക് തൊഴിൽ സംവരണം നൽകണമെന്ന സംസ്ഥാന സർക്കാർ തീരുമാനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ ജസ്റ്റിസ് പിവി ആശ തീർപ്പാക്കുകയായിരുന്നു.
ഭിന്നശേഷിക്കാർക്കുള്ള പരിഗണനകൾ സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പ്രകാരം സംവരണം തടയാനാവില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.
2016ലെ ഭിന്നശേഷിക്കാർക്കുള്ള അവകാശ നിയമ പ്രകാരമുള്ള ഉത്തരവുകൾ നടപ്പാക്കാനും കോടതി നിർദേശം നൽകി.
കൺസോർഷ്യം ഓഫ് കാത്തലിക് സ്കൂൾ മാനേജ്മെൻറ് ഇൻ കേരളയും കൺസോർഷ്യം ഓഫ് കാത്തലിക് ഇൻസ്റ്റിറ്റ്യൂഷൻസ് ഓഫ് ഹയർ എഡ്യൂക്കേഷൻ ഇൻ കേരളയും നൽകിയ ഹർജികളിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
2018 ലാണ് സംസ്ഥാനത്ത് ആദ്യമായി എയ്ഡഡ് മേഖലയിൽ ഭിന്നശേഷി സംവരണം ഏർപ്പെടുത്തി കൊണ്ട് സർക്കാർ ഉത്തരവായത്.
സംസ്ഥാനത്തെ ഒൻപതു ലക്ഷത്തോളം ഭിന്നശേഷിക്കാരിൽ 12 ശതമാനത്തോളം പേർ ബിരുദമോ അതിനുമുകളിലോ വിദ്യാഭ്യാസ യോഗ്യത ഉള്ളവരാണ്.
എയ്ഡഡ് സ്കൂളുകൾ, കോളജുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവിടങ്ങളിലെ 2017 ഏപ്രിൽ 19 മുതലുള്ള മൊത്തം ഒഴിവുകളുടെ നാല് ശതമാനം ഭിന്നശേഷിക്കാർക്ക് ലഭിക്കും.
കൂടാതെ 1995ലെ ആക്ട് പ്രകാരം 1996 ഫെബ്രുവരി 7 മുതൽ മുതൽ 2017 ഏപ്രിൽ 18 വരെ മുൻകാലപ്രാബല്യത്തോടെ മൂന്നു ശതമാനം സംവരണം ഉറപ്പുവരുത്തുമെന്നു സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചിരുന്നു.
ആക്ട് അനുസരിച്ചു ഭിന്നശേഷിക്കാർക്കു തുല്യ അവസരം, സംരക്ഷണാവകാശം, പൂർണ പങ്കാളിത്തം എന്നിവ ഉറപ്പു വരുത്താനായി എല്ലാ സർക്കാർ സ്ഥാപനങ്ങളിലും മൂന്നു ശതമാനം സംവരണം ഏർപ്പെടുത്തണം.
കാഴ്ചക്കുറവ്, കേൾവിക്കുറവ്, ലോക്കോമോട്ടർ അല്ലെങ്കിൽ സെറിബ്രൽ പാൾസി എന്നീ വിഭാഗങ്ങൾക്ക് ഒരു ശതമാനം വീതം മാറ്റിവയ്ക്കണം.
ഇതുകൂടാതെ 1956 ലെ കമ്പനി ആക്ട് പ്രകാരവും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സ്ഥാപനങ്ങളിൽ സംവരണം ഏർപ്പെടുത്തണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
2016 ലെ ആക്ടിലാണു നാല് ശതമാനം സംവരണം നിശ്ചയിച്ചത്.
ഇതിൽ കാഴ്ചക്കുറവ്, കേൾവിക്കുറവ്, ലോക്കോമോട്ടർ (സെറിബ്രൽ പാൾസി, കുഷ്ഠം, ഉയരക്കുറവ്, ആസിഡ് ആക്രമണത്തിന്റെ ഇര, മസ്‌ക്യുലർ ഡിസ്‌ട്രോഫി), ഓട്ടിസം / ബുദ്ധിപരമായ വൈകല്യം / പ്രത്യേക പഠന വൈകല്യം / മാനസിക രോഗങ്ങൾ / ഒന്നിലധികം വൈകല്യങ്ങൾ എന്നീ വിഭാഗങ്ങൾക്കാണ് ഓരോ ശതമാനം സംവരണം നൽകുന്നത്.