എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം ഉറപ്പാക്കണം: ഹൈക്കോടതി

ഭിന്നശേഷി സംവരണം പാലിച്ചശേഷമേ 2018 നവംബർ 18-നുശേഷമുള്ള നിയമനങ്ങൾ അംഗീകരിക്കാവൂ

കൊച്ചി: ഭിന്നശേഷിക്കാർക്ക് നിയമപ്രകാരമുള്ള സംവരണം എയ്ഡഡ് സ്‌കൂളുകൾ നിയമനങ്ങളിൽ ഉറപ്പാക്കണമെന്ന് ഹൈക്കോടതി.

ഭിന്നശേഷിസംവരണം നടപ്പാക്കാൻ നിർദേശിച്ച് 2018 നവംബർ 18-ന് സാമൂഹിക നീതിവകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് എയ്ഡഡ് സ്‌കൂൾ മാനേജർമാർ പാലിക്കണമെന്നാണ് ജസ്റ്റിസ് രാജ വിജയരാഘവൻ ഉത്തരവായിരിക്കുന്നത്.

ഇതുപ്രകാരം 1996 ഫെബ്രുവരി ഏഴുമുതൽ 2017 ഏപ്രിൽ 18 വരെയുള്ള കാലയളവിലുണ്ടായ ഒഴിവുകളിൽ മൂന്നുശതമാനവും 2017-നുശേഷമുള്ള ഒഴിവുകളിൽ നാലുശതമാനവും ഭിന്നശേഷിക്കാർക്കായി നീക്കിവെക്കണം.

ഇക്കാലയളവിൽ ഭിന്നശേഷിക്കാർക്ക് ലഭിക്കേണ്ടിയിരുന്ന ഒഴിവുകളിൽ അവർക്ക് നിയമനം നൽകിയിട്ടില്ലെങ്കിൽ 2018 നവംബർ 18-നുശേഷം ഉണ്ടായ ഒഴിവുകളിൽ നിയമനം നൽകണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

ഈ കുടിശ്ശിക (ബാക്ക്‌ലോഗ്) നികത്തിയശേഷം മാത്രമേ 2018 നവംബർ 18-നുശേഷം മാനേജ്‌മെന്റ് നൽകിയിരിക്കുന്ന നിയമനങ്ങൾക്ക് അംഗീകാരം നൽകാവൂവെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ഇതിനോടകം അംഗീകാരം ലഭിച്ച നിയമനങ്ങളുടെ കാര്യത്തിൽ ഉത്തരവ് ബാധകമല്ല.

ഭിന്നശേഷിക്കാർക്കായുള്ള സംവരണം പാലിക്കാതെയാണ് നിയമനങ്ങൾ നടത്തിയിരിക്കുന്നതെന്നാരോപിച്ച് കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് പ്രസിഡന്റ് കെ.ജെ. വർഗീസ് അടക്കമുള്ളവർ നൽകിയ ഹർജിയാണ് സിംഗിൾബെഞ്ച് അനുവദിച്ചത്.

രണ്ടുമാസത്തിനകം പട്ടിക തയ്യാറാക്കണം

ബാക്‌ലോഗ് കണക്കാക്കാനുള്ള രീതിയും കോടതി നിർദേശിച്ചിട്ടുണ്ട്. ഭിന്നശേഷിസംവരണവുമായി ബന്ധപ്പെട്ട ആദ്യനിയമം നിലവിൽവന്ന 1996 ഏപ്രിൽ ഏഴുമുതലുള്ള കാലയളവിൽ 33 ഒഴിവുകളിൽ ആദ്യത്തേത് ഭിന്നശേഷിക്കാർക്ക് എന്നവിധത്തിലാണ് കുടിശ്ശിക കണ്ടെത്തേണ്ടത്.

പുതിയനിയമം നിലവിൽവന്ന 2017 ഏപ്രിൽ 19-നുശേഷമുള്ള കാലയളവുകളുടെ കാര്യത്തിൽ 25 ഒഴിവുകളിൽ ആദ്യത്തേത് എന്നവിധത്തിലും കുടിശ്ശിക കണ്ടെത്തണം. ഇത്തരത്തിലുള്ള പട്ടിക രണ്ടുമാസത്തിനകം തയ്യാറാക്കണം.

2021-22 കാലത്ത് നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ നിർദേശിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ജനറൽ 2021 സെപ്റ്റംബർ ആറിന് പുറപ്പെടുവിച്ച ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്തു.

ഈ ഉത്തരവിന് പിന്നാലെയായിരുന്നു ഹർജിക്കാർ കോടതിയെ സമീപിക്കുന്നത്. ഇടക്കാല ഉത്തരവിലൂടെ ഉത്തരവ് നേരത്തേ സ്റ്റേ ചെയ്തിരുന്നു.

2021 നവംബർ എട്ടിനുശേഷം എയ്ഡഡ് സ്‌കൂളുകളിൽ ഉണ്ടായ ഒഴിവുകളിലെ ഭിന്നശേഷി അവകാശ നിയമപ്രകാരമുള്ള സംവരണം പാലിച്ചാൽ മതിയെന്ന് വ്യക്തമാക്കി വിദ്യാഭ്യാസവകുപ്പ് 2021 നവംബർ എട്ടിന് പുറപ്പെടുവിച്ച ഉത്തരവും റദ്ദാക്കി.

എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കിയത് മാനേജുമെന്റുകൾ നേരത്തേ സുപ്രീംകോടതിയിൽവരെ ചോദ്യംചെയ്തിരുന്നെങ്കിലും ഫലംകണ്ടിരുന്നില്ല.

Exit mobile version