ന്യൂഡൽഹി: ഭിന്നശേഷിക്കാർക്ക് സ്ഥാനക്കയറ്റത്തിൽ സംവരണം നടപ്പാക്കാനുള്ള സുപ്രീംകോടതി വിധിയിൽ വ്യക്തത വരുത്തണമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.
സുപ്രീംകോടതി വിധി നടപ്പാക്കാത്തതിന് കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹരജികൾ പരിഗണിക്കുന്നതിനിടയിലാണ് കേന്ദ്രം ഈ ആവശ്യമുന്നയിച്ചത്.
സുപ്രീംകോടതി വിധിക്ക് ശേഷം സ്ഥാനക്കയറ്റത്തിനായി നിരവധി അപേക്ഷകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ (എ.എസ്.ജി) മാധവി ദിവാൻ ബോധിപ്പിച്ചു. ഇത് പ്രായോഗികമായ നിരവധി പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് അവർ വാദിച്ചു.
സംസ്ഥാന സർവിസിൽനിന്ന് െഎ.എ.എസിലേക്ക് സ്ഥാനക്കയറ്റം നൽകുേമ്പാൾ നിലവിൽ എസ്.സി, എസ്.ടി, ഒ.ബി.സി സംവരണം അനുവദിക്കുന്നില്ലെന്നും എന്നാൽ, ഭിന്നശേഷിക്കാർക്ക് നൽകണമെന്ന വിധി തുടർന്നുവരുന്ന രീതിക്കെതിരാണെന്നും അവർ വാദിച്ചു.
എ കാറ്റഗറി സർവിസിൽ സംവരണമില്ലാത്ത നിരവധി തസ്തികകളുണ്ട്. ഇൗ വിഭാഗത്തിൽ എസ്.സി, എസ്.ടി, ഒ.ബി.സി സംവരണം താഴ്ന്ന പദവികളിലേ നൽകുന്നുള്ളൂ. എല്ലാ സ്ഥാനക്കയറ്റങ്ങളിലും ഭിന്നശേഷിക്കാർക്കുള്ള സംവരണം നടപ്പാക്കണമെന്ന പരാമർശമാണ് ആശയക്കുഴപ്പത്തിന് വഴിവെച്ചത്.
ഭിന്നശേഷിക്കാർക്ക് സ്ഥാനക്കയറ്റത്തിൽ സംവരണം നൽകാവുന്ന 4000 തസ്തികകൾ കേന്ദ്ര സർക്കാർ നിേയാഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയിട്ടുണ്ടെന്ന് അവർ അറിയിച്ചു.
ഇത് സംബന്ധിച്ച് കേന്ദ്രം മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു എ.എസ്.ജിയുടെ ഉത്തരം.