സർക്കാർ സർവീസിൽ ഭിന്നശേഷിക്കാർക്ക് സ്ഥാനക്കയറ്റത്തിനു സംവരണമാകാം

ന്യൂഡൽഹി∙ ഭിന്നശേഷിക്കാർക്ക് സർക്കാർ സർവീസിൽ സ്ഥാനക്കയറ്റത്തിനു സംവരണമാകമെന്നു സുപ്രീം കോടതി.

സ്ഥാനക്കയറ്റത്തിൽ സംവരണം പാടില്ലെന്ന ഇന്ദിര സാഹ്നി കേസിലെ വിധി ഭിന്നശേഷിക്കാർക്കു ബാധകമല്ലെന്ന് ജസ്റ്റിസ് റോഹിന്റൻ നരിമാൻ അധ്യക്ഷനായ 3 അംഗ ബെഞ്ച് വ്യക്തമാക്കി.

രാജീവ് ഗുപ്തയും യൂണിയൻ ഒാഫ് ഇന്ത്യയുമായുള്ള കേസിൽ 2016ൽ രണ്ടംഗ ബെഞ്ച് നൽകിയ വിധി ശരിവച്ചുള്ളതാണ് ജഡ്ജിമാരായ അനിരുദ്ധ ബോസും വി.രാമസുബ്രമണ്യനും ഉൾപ്പെട്ട ബെഞ്ചിന്റെ വിധി. 2017ൽ സിദ്ധരാജുവും കർണാടക സർക്കാരും തമ്മിലുള്ള കേസ് പരിഗണിച്ചപ്പോൾ, രാജീവ് ഗുപ്ത കേസിലെ വിധിയിൽ കോടതി സംശയം പ്രകടിപ്പിച്ചു.

ഭിന്നശേഷിക്കാർക്കു മുൻഗണന നൽകാമെങ്കിലും സംവരണം പാടില്ലെന്ന് രണ്ടംഗ ബെഞ്ച് നിലപാടെടുത്തു. രണ്ടു ബെഞ്ചുകൾ വ്യത്യസ്ത നിലപാടുകളെടുത്ത സ്ഥിതിയിൽ കേസ് 3 അംഗ ബെഞ്ചിനു റഫർ ചെയ്യുകയായിരുന്നു.

ഇന്ദിരാ സാഹ്നി കേസിൽ പരിശോധിച്ചത് ഭിന്നശേഷിക്കാരുടെ സംവരണത്തിന്റെ വിഷയമല്ലെന്നു രാജീവ് ഗുപ്ത കേസിന്റെ വിധിയിലെ വിലയിരുത്തൽ പിഴവുള്ളതല്ലെന്നു 3 അംഗ ബെഞ്ച് വ്യക്തമാക്കി.

Exit mobile version