
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളിൽ ഭിന്നശേഷി സംവരണം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാൻ സർക്കാർ നിശ്ചയിച്ച സമയ പരിധി കഴിഞ്ഞ് 2 മാസമായിട്ടും നിയമനം ലഭിച്ചത് ഇരുനൂറിൽ താഴെ ഭിന്നശേഷിക്കാർക്കു മാത്രം.
ഭിന്നശേഷി സംവരണ നിയമനത്തിനായി അർഹരായവരുടെ പട്ടിക തേടി ആയിരത്തി അഞ്ഞൂറോളം എയ്ഡഡ് സ്കൂളുകൾ മാത്രമാണ് ഇതുവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ സമീപിച്ചത്.
മൂവായിരത്തി ഇരുനൂറോളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. യോഗ്യരായ രണ്ടായിരത്തോളം പേരുടെ പട്ടിക എക്സ്ചേഞ്ചുകളിൽ നിന്നു കൈമാറി.
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക–അനധ്യാപക നിയമനങ്ങളിൽ 1996 മുതലുള്ള ഭിന്നശേഷി സംവരണ ഒഴിവുകൾ കണക്കാക്കി ഓഗസ്റ്റ് 15നു മുൻപു നിയമനം നൽകണമെന്നായിരുന്നു സർക്കാർ ഉത്തരവ്.
1996 ഫെബ്രുവരി 7 മുതൽ 2017 ഏപ്രിൽ 18 വരെയുള്ള ഒഴിവുകളിൽ 3 ശതമാനവും 2017 ഏപ്രിൽ 19 മുതലുള്ള ഒഴിവുകളിൽ 4 ശതമാനവും ഭിന്നശേഷി സംവരണം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
ഇതു നടപ്പാക്കുന്നതു വരെ സ്കൂൾ മാനേജ്മെന്റുകൾ നടത്തിയ മറ്റു നിയമനങ്ങൾക്ക് സർക്കാർ അംഗീകാരം നൽകില്ലെന്നാണു നിലപാട്.
പിന്നീട് ഭിന്നശേഷി നിയമനത്തിനായി റോസ്റ്റർ റജിസ്റ്റർ തയാറാക്കി നൽകി അർഹരായവരുടെ പട്ടികയ്ക്കായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ സമീപിക്കുന്ന മാനേജ്മെന്റുകൾ നടത്തിയ നിയമനങ്ങൾക്ക് താൽക്കാലിക അംഗീകാരം നൽകാൻ തീരുമാനിച്ചു.