ഭിന്നശേഷി സംവരണം: നിയമനങ്ങളെല്ലാം ജൂലൈ 15നുള്ളിൽ നടത്തണം

തിരുവനന്തപുരം: ഇപ്പോൾ തടസ്സപ്പെട്ടു കിടക്കുന്ന ഭിന്നശേഷി സംവരണ നിയമനങ്ങളെല്ലാം ജൂലായ് 15-നുള്ളിൽ പൂർത്തീകരിക്കാൻ നിർദേശം.

ആർ.ഡി.ഡി., എ.ഡി., വിദ്യാഭ്യാസ ഓഫീസർ എന്നിവർ ഇവ ചട്ടപ്രകാരം പരിശോധിച്ച് നിയമനാംഗീകാരം നൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു.

എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽനിന്നു ലഭിക്കുന്ന പട്ടികയനുസരിച്ച് ഓഗസ്റ്റ് 15-നുള്ളിൽ ഭിന്നശേഷി ഒഴിവുകളിൽ നിയമനം നടത്തണമെന്ന് സ്കൂൾ മാനേജർമാർക്കും നിർദേശമുണ്ട്.

കഴിഞ്ഞയാഴ്ച മന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതലയോഗത്തിന്റെ തീരുമാനമനുസരിച്ചാണ് നടപടി.

എയ്ഡഡ് പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ. സ്കൂളുകളിലെ നിയമനങ്ങളിൽ നിയമാനുസൃതമായ സംവരണവും ബാക്ക്‌ലോഗും കണക്കാക്കി റോസ്റ്റർ രജിസ്റ്റർ തയ്യാറാക്കാനും താത്‌കാലിക നിയമനാംഗീകാരം നൽകാനും സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

എന്നാൽ, ഭൂരിഭാഗം മാനേജർമാരും റോസ്റ്റർ തയ്യാറാക്കാനോ ഭിന്നശേഷി ഒഴിവുകൾ മാറ്റിവെച്ച് എംപ്ലോയ്‌മെന്റ്‌ എക്സ്‌ചേഞ്ചിൽ വിവരം റിപ്പോർട്ടു ചെയ്യാനോ തയ്യാറായില്ല. അംഗീകാരമില്ലാതെ തുടർന്നു വരുന്ന ജീവനക്കാരുടെ നിയമനങ്ങൾ ചട്ടപ്രകാരം അംഗീകരിച്ചു നൽകാൻ വിദ്യാഭ്യാസ ഓഫീസർമാർ നടപടി സ്വീകരിക്കുന്നില്ലെന്നും സർക്കാരിന് വ്യാപകമായ പരാതികൾ ലഭിച്ചിരുന്നു.

നിർദേശങ്ങൾ ഇങ്ങനെ:

* ഇതുവരെ റോസ്റ്റർ തയ്യാറാക്കാത്ത മാനേജ്‌മെന്റുകൾ 25-നുള്ളിൽ സമർപ്പിക്കണം.

* ബാക്‌ലോഗ് പ്രകാരം ഭിന്നശേഷി സംവരണത്തിനായി മാറ്റിവെച്ചിട്ടുള്ള ഒഴിവിലേക്ക് അർഹതപ്പെട്ടവരെ ലഭിക്കാൻ 30-നുള്ളിൽ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിൽ അപേക്ഷ നൽകണം.

* ബാക് ലോഗ് ഒഴിവ് മൂന്നു ശതമാനത്തിൽ നിന്നാണോ നാലു ശതമാനത്തിൽ നിന്നാണോയെന്ന് മാനേജർ വ്യക്തമാക്കണം.

* അപേക്ഷ ലഭിച്ചാൽ ജൂലായ് 20-നുള്ളിൽ ഭിന്നശേഷിക്കാരുടെ പട്ടിക എംപ്ലോയ്‌മെന്റ് എക്സേഞ്ചിൽനിന്ന്‌ മാനേജർമാർക്കു കൈമാറണം.

* മാനേജർമാർ നടപടി സ്വീകരിച്ചു കഴിഞ്ഞാൽ ജൂലായ് പത്തിനുള്ളിൽ വിദ്യാഭ്യാസ ഓഫീസർമാർ തുടർനടപടിയെടുക്കണം.

* നിയമനങ്ങൾ ചട്ടപ്രകാരം പരിശോധിച്ച് തീർപ്പാക്കണം. ഇല്ലെങ്കിൽ വിദ്യാഭ്യാസ ഓഫീസർമാർക്കെതിരേ നടപടി.

* അനുവദിക്കപ്പെട്ട സമയത്തിനുള്ളിൽ തീർപ്പാകാതെ കിടക്കുന്ന നിയമനങ്ങളുടെ വിവരങ്ങൾ അതതു സമയത്തുതന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടറെ അറിയിക്കണം.

* മാനേജർമാർ റോസ്റ്റർ തയ്യാറാക്കി സമർപ്പിക്കുകയും അത്‌ വിദ്യാഭ്യാസ ഓഫീസർമാർ അംഗീകരിക്കുകയും ചെയ്യുന്നതു വരെ ഇന്റർ മാനേജ്‌മെന്റ് ട്രാൻസ്ഫർ പാടില്ല.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button