എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി സംവരണം; ഒഴിവുകളുടെ കണക്കെടുപ്പ് തുടങ്ങി

എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണത്തിന് അർഹതയുള്ള ഒഴിവുകളുടെ കണക്കെടുപ്പ് ഡിസംബർ 10-നകം പൂർത്തിയാക്കും.

കാലതാമസംകൂടാതെ നിയമനം നടത്താൻ വിദ്യാഭ്യാസ, എംപ്ലോയ്‌മെന്റ് ഓഫീസർമാർക്കും സ്കൂൾ മാനേജർമാർക്കും സർക്കാർ നിർദേശം നൽകി.

1996 ഫെബ്രുവരി ഏഴുമുതൽ ഓരോ മാനേജ്മെന്റിനും കീഴിലുണ്ടായ ഒഴിവുകളാണ് കണക്കാക്കുക. അതിൽ 2017 ഏപ്രിൽ 18 വരെയുള്ള ഒഴിവുകളുടെ മൂന്നുശതമാനവും അതിനുശേഷം നാലു ശതമാനവുമാണ് ഭിന്നശേഷിക്കാർക്ക് അവകാശപ്പെട്ടത്.

എന്നാൽ, പഴയ ഒഴിവുകളിൽ പലതിലും ഇതുപ്രകാരമുള്ള നിയമനം നടന്നതിനാൽ, ഇതിനകം നിയമിച്ച ഭിന്നശേഷിക്കാരുടെ എണ്ണംകഴിച്ച് ബാക്കി നിയമനത്തിന് 2018 നവംബർ 18 മുതലുണ്ടായ ഒഴിവുകളേ പരിഗണിക്കേണ്ടതുള്ളൂ.

ഇതിനകം നിയമിക്കപ്പെട്ട് വിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരം കിട്ടിക്കഴിഞ്ഞവരെ സംവരണ നിയമനം ബാധിക്കില്ല. അംഗീകാരം ലഭിക്കാത്തവർക്ക് ജോലി നഷ്ടമാകും.

എന്നാൽ, പിന്നീടുണ്ടാകുന്ന ഒഴിവുകളിൽ അവർക്ക് മുൻഗണന നൽകണം. അധ്യാപകരെ പ്രൈമറി, സെക്കൻഡറി, ഹയർസെക്കൻഡറി സീനിയർ, ജൂനിയർ, വി.എച്ച്.എസ്. സീനിയർ, ജൂനിയർ എന്ന് ആറുവിഭാഗമായും അധ്യാപകേതര ജീവനക്കാരെ ഒന്നായും പരിഗണിച്ചാണ് ഒഴിവുകൾ കണക്കാക്കുക.

ഓരോ വിഭാഗത്തിലും ആദ്യ ഒഴിവ് ഭിന്നശേഷി സംവരണമാവും.

സംവരണത്തിന് അർഹതപ്പെട്ട ഒഴിവുകൾ തിട്ടപ്പെടുത്തി, അവ നികത്താൻ യോഗ്യതയുള്ള ഭിന്നശേഷിക്കാരുടെ പട്ടികയ്ക്കായി സ്കൂൾ മാനേജർമാർ ഡിസംബർ 10-നുമുമ്പ് എംപ്ലോയ്‌മെന്റ് ഓഫീസർമാർക്ക് അപേക്ഷ നൽകണം.

യോഗ്യതയുള്ളവരില്ലെങ്കിൽ അക്കാര്യം എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിക്കുന്ന മുറയ്ക്ക് ഭിന്നശേഷി നിയമനത്തിന് മാനേജർ പത്രപ്പരസ്യം നൽകണം. എന്നിട്ടും ആളില്ലെങ്കിൽ മാനേജർക്ക് സ്വന്തം നിലയിലുള്ള നിയമനത്തിന് അവകാശമുണ്ടാവും.

Exit mobile version