കാഴ്ച പരിമിതിയുള്ളവർക്ക് ആപ് പറഞ്ഞുതരും നോട്ട് ഏതെന്ന്

തിരുവനന്തപുരം: കാഴ്ചശക്തിയില്ലാത്തവർക്കു കൈവശമുള്ള കറൻസി ഏതെന്നു പറഞ്ഞു കൊടുക്കാൻ റിസർവ് ബാങ്കിന്റെ മൊബൈൽ ആപ്.

മൊബൈൽ എയ്ഡഡ് നോട്ട് ഐഡന്റിഫയർ (MANI) എന്ന പേരിലുള്ള പുതിയ ആപ് തുറന്ന ശേഷം ക്യാമറയ്ക്കു മുന്നിൽ നോട്ട് പിടിച്ചാൽ മതി. കാഴ്ചയ്ക്കു പുറമേ കേൾവി ശക്തിയുമില്ലാത്തവർക്ക് ഓരോ നോട്ടിനും മൊബൈൽ ഫോണിലുണ്ടാകുന്ന നിശ്ചിത വൈബ്രേഷൻ വഴി കറൻസി ഏതെന്നു മനസ്സിലാക്കാം.

പഴയ കറൻസികളും ആപ്പിനു തിരിച്ചറിയാനാകും.

ഗൂഗിൾ പ്ലേ സ്റ്റോറിൽ പോയി റിസർവ് ബാങ്കിന്റെ ‘MANI–Mobile Aided Note Identifier’ എന്ന ആപ് ഇൻസ്റ്റാൾ ചെയ്യുക. ഇംഗ്ലിഷ്, ഹിന്ദി എന്നിവയിലൊന്നു തിരഞ്ഞെടുക്കാം.

കാഴ്ചയും കേൾവിയുമില്ലെങ്കിൽ പ്രത്യേക ഓപ്ഷൻ തിരഞ്ഞെടുക്കണം.

ക്യാമറ തുറന്നാലുടൻ നോട്ട് 5 മുതൽ 7 വരെ ഇഞ്ച് അകലത്തിൽ പിടിക്കണം. കറൻസി ഏതെന്നു സ്ക്രീനിലെ എഴുത്ത്, ശബ്ദം, വൈബ്രേഷൻ എന്നിവയിലൂടെ അറിയിക്കും.

വൈബ്രേഷനുകളുടെ എണ്ണം ഇങ്ങനെ: 5 രൂപ– 1, 20 രൂപ–3, 50 രൂപ–4, 100 രൂപ–5, 200 രൂപ–6, 500 രൂപ–7, 2000 രൂപ–8

കഴിഞ്ഞ 30 ദിവസം വരെ സ്കാൻ ചെയ്ത നോട്ടുകളുടെ വിവരം ആപ്പിൽ സൂക്ഷിക്കുകയും ചെയ്യുമെന്നതിനാൽ പിന്നീട് ആവശ്യം വന്നാൽ ഒത്തുനോക്കാം.

കാഴ്ചയില്ലാത്തവർക്കുള്ള ആപ് ആയതിനാൽ ഓരോ മെനുവും വായിച്ചു കേൾപ്പിക്കാനും (ടോക്ബാക്ക്) സൗകര്യമുണ്ട്.

Exit mobile version