ഭിന്നശേഷി കുട്ടികളുടെ ഡിജിറ്റൽ കലാവിരുന്നുമായി ഗോപിനാഥ് മുതുകാട്

തിരുവനന്തപുരം∙ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ കഴിവുകൾ ലോകശ്രദ്ധയിലെത്തിക്കാനായി ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ കലാവിരുന്ന് ഒരുങ്ങുന്നു.

മോഹൻലാലും മഞ്ജു വാരിയരും കെ.എസ്.ചിത്രയും ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന സഹയാത്ര എന്ന പേരിലുള്ള പരിപാടി ഒക്ടോബർ 2,3 തീയതികളിൽ ഓൺലൈൻ ആയി കാഴ്ചക്കാരിലെത്തും.

പ്രജേഷ് സെൻ ആണ് സംവിധായകൻ. മുൻ മന്ത്രി കെ.കെ ശൈലജ, ജി.വേണുഗോപാൽ, മഞ്ജരി, കവി മുരുകൻ കാട്ടാക്കട, ഭിന്നശേഷി മേഖലയിൽ നിന്നു പ്രശസ്തരായ ധന്യ രവി, സ്വപ്ന അഗസ്റ്റിൻ, നൂർ ജലീല, ആദിത്യ സുരേഷ് എന്നിവർ പരിപാടിയിൽ നേരിട്ടു പങ്കെടുക്കും.

മാജിക്, നൃത്തം, ഫ്യൂഷൻ മ്യൂസിക്, മിമിക്രി, മാർഷ്യൽ ആർട്‌സ് തുടങ്ങിയ വൈവിധ്യമുള്ള പരിപാടികളാണ് 2 മണിക്കൂർ പരിപാടിയിൽ കുട്ടികൾ അവതരിപ്പിക്കുക.

സഹയാത്ര പരിപാടിയിൽ പങ്കെടുക്കുന്നതിനായി വിവിധ രാജ്യങ്ങളിൽ നിന്ന് ഓട്ടിസം, സെറിബ്രൽ പാൾസി, വിഷാദരോഗം, ഹൈപ്പർ ആക്ടിവിറ്റി, എംആർ, കാഴ്ച-കേൾവി പരിമിതർ, ഒസ്റ്റ്യോ ജെനസിസ് ഇംപെർഫെക്ട തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ട അറുനൂറോളം കുട്ടികളാണ് താൽപര്യം അറിയിച്ചത്.

ഇതിൽ നിന്നു തിരഞ്ഞെടുത്ത കുട്ടികളും ഡിഫറന്റ് ആർട്സ് സെന്ററിലെ നൂറോളം കുട്ടികളും ചേർന്നാണ് കലാ വിരുന്നൊരുക്കുന്നത്.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button