സാമൂഹ്യ നീതി വകുപ്പിന്‍റെ വിജയാമൃതം, സഹചാരി, ശ്രേഷ്ഠം, പരിരക്ഷാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. സുനീതി പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം.
ഡിഗ്രി/തത്തുല്യ കോഴ്സുകളില്‍ ആര്‍ട്ട്സ് വിഷയങ്ങള്‍ക്ക് 60 ശതമാനവും സയന്‍സ് വിഷയങ്ങള്‍ക്ക് 80 ശതമാനവും പി.ജി./പ്രൊഫഷണല്‍ കോഴ്സുകളില്‍ 60 ശതമാനത്തിലധികവും മാര്‍ക്ക് നേടിയ 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനമായി കാഷ് അവാര്‍ഡ് നല്‍കുന്ന പദ്ധതിയാണ് വിജയാമൃതം. 2021-22 അധ്യയന വര്‍ഷത്തെ മാര്‍ക്കാണ് പരിഗണിക്കുക.
ഗവണ്‍മെന്‍റ്/എയ്ഡഡ്/പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിലും മറ്റും സഹായിക്കുന്ന മികച്ച മൂന്ന് എന്‍.എസ്.എസ്./ എന്‍.സി.സി/ എസ്.പി.സി യൂണിറ്റിന് നല്‍കുന്ന അവാര്‍ഡാണ് സഹചാരി.
ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് കഴിവും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിനായി അംഗീകൃത സ്ഥാപനത്തില്‍ നിന്നും പരിശീലനം നേടുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയാണ് ശ്രേഷ്ഠം.
അപകടങ്ങള്‍, ആക്രമണങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയ്ക്ക് ഇരയാകുന്ന അംഗപരിമിതര്‍ക്ക് അടിയന്തിര സഹായം നല്‍കുന്ന പദ്ധതിയാണ് പരിരക്ഷ.
കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. വെബ്സൈറ്റ്: www.sjd.kerala.gov.in