ഭിന്നശേഷി വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ്‌ മുടങ്ങുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ്‌ മുടങ്ങുന്നു. തദ്ദേശസ്‌ഥാപനങ്ങള്‍ ഫണ്ട്‌ വകമാറ്റി ചെലവഴിച്ചതുമൂലം 2020-21 അധ്യയനവര്‍ഷത്തെ സ്‌കോളര്‍ഷിപ്പ്‌ തുക പലര്‍ക്കും ലഭിച്ചിട്ടില്ലെന്നാണ്‌ പരാതി.

കോവിഡ്‌ കാലത്ത്‌ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക്‌ പ്രത്യേകശ്രദ്ധ നല്‍കേണ്ടതിനാല്‍ പല രക്ഷിതാക്കള്‍ക്കും ജോലിക്കു പോകാന്‍ കഴിയാത്ത സാഹചര്യമാണ്‌. ഇത്തരത്തില്‍ പ്രതിസന്ധിയിലായ കുടുംബങ്ങളെയാണ്‌ സ്‌കോളര്‍ഷിപ്പ്‌ തുകയുടെ അഭാവം ഗുരുതരമായി ബാധിക്കുന്നത്‌.

നിലവില്‍ 28,500 രൂപയാണ്‌ സ്‌കോളര്‍ഷിപ്പ്‌ തുക. ബന്ധപ്പെട്ട തദ്ദേശ സ്‌ഥാപനം 50 ശതമാനവും ജില്ലാ, ബ്ലോക്ക്‌ പഞ്ചായത്തുകള്‍ 25 ശതമാനവും വീതമാണ്‌ ഫണ്ട്‌ അനുവദിക്കുന്നത്‌.

പഞ്ചായത്തിലെ ഐ.സി.ഡി.എസ്‌ സൂപ്പര്‍വൈസറാണ്‌ തുക കൈമാറാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്‌. എന്നാല്‍, പല പഞ്ചായത്തുകളിലും ഐ.സി.ഡി.എസ്‌. ഉദ്യോഗസ്‌ഥന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല.

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള ഫണ്ട്‌ ഒരുകാരണവശാലും വകമാറ്റാന്‍ പാടില്ലെന്ന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം ലംഘിച്ചാണ്‌ സ്‌കോളര്‍ഷിപ്പ്‌ മുടക്കുന്നത്‌.

കോവിഡ്‌ മൂലം ഒന്നരവര്‍ഷമായി സ്‌പെഷല്‍ സ്‌കൂളുകള്‍ അടഞ്ഞു കിടക്കുകയാണ്‌. അതിനാല്‍, സ്‌കോളര്‍ഷിപ്പിന്റെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം അനിശ്‌ചിതത്വം ഉണ്ടായിരുന്നു.

എന്നാല്‍ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ നേരിടുന്ന പ്രതിസന്ധി കാരണം മുഴുവന്‍ സ്‌കോളര്‍ഷിപ്പ്‌ തുകയും അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ഭിന്നശേഷി വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ്‌ പ്രത്യേക സാമ്പത്തിക സഹായമായി കണക്കാക്കി അനുവദിക്കണമെന്ന്‌ ജനുവരിയില്‍ സര്‍ക്കാര്‍ ഉത്തരവ്‌ ഇറക്കിയിരുന്നു.

എന്നാല്‍, മാസങ്ങള്‍ പിന്നിട്ടിട്ടും പല വിദ്യാര്‍ഥികള്‍ക്കും തുക ലഭിച്ചിട്ടില്ല. സ്‌കോളര്‍ഷിപ്പ്‌ ലഭിച്ചവര്‍ക്കാകട്ടെ ചെറിയ തുക മാത്രമാണ്‌ ലഭ്യമായത്‌.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button