സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമാകുന്നു

കോഴിക്കോട്: സംസ്ഥാനത്തെ വിദ്യാലയങ്ങൾ പൂർണമായും ഭിന്നശേഷി സൗഹൃദമാക്കാൻ പോകുന്നു. പദ്ധതിയുടെ ഭാഗമായി സംസ്ഥാനതല ശിൽപ്പശാലയ്ക്ക് ജില്ലയിൽ തുടക്കമായി.

സമഗ്ര ശിക്ഷയുടെ നേതൃത്വത്തിലാണ് പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നത്. വിദ്യാലയ പ്രവേശന കവാടം മുതൽ ശുചിമുറി വരെ നീളുന്ന ഭൗതിക സൗകര്യങ്ങൾ പരിമിതികളുള്ള കുട്ടികൾക്കു കൂടി ഉപയോഗിക്കത്തക്ക വിധത്തിൽ സൗഹൃദപരമാക്കുകയാണ് ലക്ഷ്യം.

ഓരോ ബ്ലോക്ക് റിസോഴ്‌സ് സെന്ററിന് കീഴിലും വിവിധ കാറ്റഗറിയിൽപെട്ട കുട്ടികളെ സവിശേഷമായി പരിഗണിച്ച് നാലു വിദ്യാലയങ്ങളെ തെരഞ്ഞെടുത്ത് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തും.

രക്ഷിതാക്കൾ, പൊതു സമൂഹം എന്നിവരുടെ കൂടി പങ്കാളിത്തം ഉറപ്പുവരുത്തും.

അദ്ധ്യാപക- വിദ്യാർത്ഥികൾക്ക് ഭിന്നശേഷി മേഖലയിൽ അവബോധം സൃഷ്ടിക്കുന്ന തരത്തിൽ അദ്ധ്യാപക പരിശീലനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും എസ്.എസ്.കെ.സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ എസ്.വൈ. ഷൂജ പറഞ്ഞു.

കോമ്പസിറ്റ് റീജ്യണൽ സെന്റർ ഡയറക്ടർ ഡോ. റോഷൻ ബിജിലി, സി.ഡി.എം.ആർ.പി ജോയിന്റ് ഡയറക്ടർ ഡോ.മുഹയുദ്ദീൻ, മലപ്പുറം ജില്ലാ എൻ.എച്ച്.എം പ്രോഗ്രാം മാനേജർ ഡോ.ഷിബുലാൽ, എസ്എസ്.കെ സംസ്ഥാന പ്രോഗ്രാം ഓഫീസർ എസ്.വൈ ഷൂജ, ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ ഡോ. എ.കെ അബ്ദുൾ ഹക്കീം, വിദ്യാഭ്യാസ വിദഗ്ധൻ ജി രവി, പ്രോഗ്രാം ഓഫീസർ ഡോ. അനിൽകുമാർ എ.കെ, റിസോഴ്‌സ് അദ്ധ്യാപിക ആബിദ ബീഗം എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന ത്രിദിന ശില്പശാല നാളെ സമാപിക്കും.

ഭിന്നശേഷി സൗഹൃദം എങ്ങനെ

ക്ലാസ് മുറികളിൽ ബോർഡ്, ഇരിപ്പിടം, മേശ, പ്രൊജക്ടർ, കമ്പ്യൂട്ടർ എന്നിവയുൾപ്പെടെ ഉറപ്പാക്കും. വിദ്യാലയത്തിനകത്ത് എല്ലാ വിഭാഗം കുട്ടികൾക്കും സുഗമമായി സഞ്ചരിക്കാനുള്ള സൗകര്യമൊരുക്കും.

ആവശ്യമായ ഇടങ്ങളിലൊക്കെ റാമ്പ്, റെയിൽ സൗകര്യം, ബ്രെയ്‌ലി സൈൻ ബോർഡുകൾ, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകൾ എന്നിവ ഉണ്ടാകും. ലബോറട്ടറി, ലൈബ്രറി എന്നിവിടങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും.

ഉപകരണങ്ങൾ അപകടരഹിതമായി കൈകാര്യം ചെയ്യാനും പുസ്തകങ്ങൾ സ്വയം തെരഞ്ഞെടുക്കാനും അവസരമുണ്ടാകും. ഓഡിയോ ബുക്കുകളും വീഡിയോ പഠന സഹായികളും ലൈബ്രറിയിൽ ഒരുക്കും.

ഭിന്നശേഷി കുട്ടികൾക്കു കൂടി പങ്കെടുക്കാവുന്ന രീതിയിൽ കായിക ഇനങ്ങൾ രൂപീകരിക്കും. കളിസ്ഥലങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. അദ്ധ്യാപകർക്ക് പരിശീലനങ്ങൾ നൽകും.

മാറ്റിയില്ല, ചേർത്തുനിർത്തി

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിദ്യാലയങ്ങളിൽ നിരവധി സൗകര്യങ്ങൾ എസ്.എസ്.കെ നടത്തി വരുന്നുണ്ട്. ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ്, റാമ്പ് എന്നിവ നിർമ്മിക്കാൻ ധനസഹായം നൽകി.

അക്കാഡമിക് പിന്തുണയ്ക്കായി റിസോഴ്‌സ് അദ്ധ്യാപകരുടെ സേവനം ഉറപ്പു വരുത്തി. അദ്ധ്യാപകർക്ക് പരിശീലനങ്ങളും സംഘടിപ്പിച്ചിരുന്നു. കുട്ടികളുടെ കൂട്ടായ്മയായ ‘ചങ്ങാതിക്കൂട്ടം’ കിടപ്പിലായ കുട്ടികളുടെ ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിവരുന്നു.

കുട്ടികൾക്കാവശ്യമായ കണ്ണട, ശ്രവണ സഹായികൾ, ചലന പരിമിതിയുള്ളവർക്കുള്ള സഹായ ഉപകരണങ്ങൾ എന്നിവയും വർഷങ്ങളായി നൽകി വരുന്നുണ്ട്.

Exit mobile version