ഭിന്നശേഷിക്കാര്‍ക്കാവശ്യമായ ആധുനികമായ സഹായ ഉപകരണങ്ങളുടെ വിപുലമായ പ്രദര്‍ശനത്തിനും മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ അവ ലഭ്യമാക്കുന്നതിനുമായി അസിസ്റ്റീവ് ഡിവൈസസ് ഷോറൂം കം എക്‌സ്പീരിയന്‍സ് സെന്റര്‍ (Assistive Devices Show room cum Experience Centre) ആരംഭിക്കുന്നതിന് കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന് 2.35 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.
ഷോറൂമിന്റേയും എക്‌സപീരിയന്‍സ് സെന്ററിന്റേയും ഡിസൈന്‍ അംഗീകരിച്ചിട്ടുണ്ട്. കെ.ഇ.എല്‍.നെയാണ് പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായി ചുമതലപ്പെടുത്തിയിട്ടുള്ളത്.
എത്രയും വേഗം കരാര്‍ ഒപ്പിട്ട് നിര്‍മ്മാണ പ്രര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ആദ്യമായാണ് ഇത്തരം ഒരു സംരംഭം ആരംഭിക്കുന്നത്. ഇന്ത്യയിലും വിദേശത്തും ലഭ്യമാകുന്ന ഏറ്റവും പുതിയ ഉപകരണങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ് ലക്ഷ്യം വയ്ക്കുന്നത്.
അതോടൊപ്പം അളവെടുത്ത് നിര്‍മ്മിക്കുന്ന കൃത്രിമ അവയവങ്ങളുടെ ഓര്‍ഡര്‍ നല്‍കാനും സാധിക്കും.
ഇതിന് പുറമേ വിര്‍ച്ച്വല്‍ റിയാലിറ്റിയില്‍ അധിഷ്ഠിതമായ ‘5 ഡി ദൃശ്യശ്രാവ്യാനുഭവം’ ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കുന്ന എക്‌സ്പീരിയന്‍സ് സെന്റര്‍ കൂടി ഷോറൂമിനോടൊപ്പം ആരംഭിക്കുന്നതാണ്.
തിരുവനന്തപുരം പൂജപ്പുരയിലെ വികലാംഗക്ഷേമ കോര്‍പറേഷന്‍ ഹെഡ് ഓഫീസിലാണ് ഷോറൂമും എക്‌സപീരിയന്‍സ് സെന്ററും സ്ഥാപിക്കുന്നത്.