തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കു വിസ്മയ സാന്ത്വനമൊരുക്കാന്‍ മജീഷ്യൻ ഗോപനാഥ് മുതുകാടും ഭിന്നശേഷിക്കുട്ടികളും ചേർന്ന് ഒരുക്കുന്ന പ്രത്യേക കലാമേള ഏപ്രില്‍ 18ന് നടക്കും.
യുകെ, അയര്‍ലൻഡ് എന്നിവിടങ്ങളിലെ പ്രവാസി മലയാളികള്‍ക്ക് ഓണ്‍ലൈനിലൂടെയാണ് ഈ ദൃശ്യവിരുന്ന് കാണാനാവുക. യുകെ – അയർലൻഡ് സമയം ഉച്ചക്ക് രണ്ടിനും ഇന്ത്യന്‍ സമയം വൈകിട്ട് 6.30 നുമാണ് പരിപാടി നടക്കുക.
യുകെ, അയര്‍ലൻഡ് എന്നിവിടങ്ങളിലെ വിവിധ സംഘടനകളാണു പരിപാടി സംഘടിപ്പിക്കുന്നത്. വിര്‍ച്വല്‍ റിയാലിറ്റിയുടെ സാങ്കേതിക മികവില്‍ ഇന്ദ്രജാലവും സംഗീതവും നൃത്തവും ഇടകലര്‍ന്ന വേറിട്ടൊരു പരിപാടിയാണു വിസ്മയ സാന്ത്വനം.
പരിശീലനം സിദ്ധിച്ച ഭിന്നശേഷിക്കാര്‍ക്കു തൊഴില്‍ നല്‍കുന്ന യൂണിവേഴ്‌സല്‍ മാജിക് സെന്റര്‍ പദ്ധതിയുടെ ധനശേഖരണാര്‍ത്ഥമാണു പരിപാടി സംഘടിപ്പിക്കുന്നത്.
മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് 16 കോടിയോളം രൂപയാണ് ചെലവ് വരുന്നത്.
ഭിന്നശേഷിക്കാരുടെ സര്‍വതോമുഖമായ വികാസത്തിനനുസൃതമായി നിരവധി ട്രെയിനിങ് സെന്ററുകളും നിരവധി കലാവതരണ വേദികളും ഈ പദ്ധതിയിലുള്‍പ്പെടുന്നു.
ഇന്ദ്രജാലം, സംഗീതം, നൃത്തം, അഭിനയം, ചിത്രരചന, സിനിമാ നിര്‍മാണം, ഉപകരണസംഗീതം എന്നീ വിഭാഗങ്ങളില്‍ പരിശീലനം നടത്തിയാണു വേദിയിലെത്തിക്കുന്നത്.
മാജിക് അക്കാദമിയും കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷനും തിരുവനന്തപുരം നഗരസഭയും സംയുക്തമായി മാജിക് പ്ലാനറ്റില്‍ ഭിന്നശേഷിക്കുട്ടികള്‍ക്കായി നടപ്പിലാക്കിയിട്ടുള്ള എംപവര്‍, ഡിഫറന്റ് ആര്‍ട് സെന്റര്‍ പദ്ധതികളുടെ തുടര്‍ച്ചയായാണ് യൂണിവേഴ്സല്‍ മാജിക് സെന്റര്‍ പദ്ധതി നടപ്പിലാക്കുന്നത്.
പാര്‍ശ്വവത്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഭിന്നശേഷി വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കുയര്‍ത്തുവാനും എല്ലാവരെയും പോലെ അവര്‍ക്കും ഈ സമൂഹത്തില്‍ വലിയൊരിടമുണ്ടെന്നു ബോധിപ്പിക്കുവാനുള്ള വലിയൊരു ശ്രമമാണ് മാജിക് അക്കാദമി ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഭിന്നശേഷിക്കാരുടെ മാനസികവും ബൗദ്ധികവുമായ പുരോഗമനം ലക്ഷ്യമിടുമ്പോഴും സര്‍ഗപരമായ അവരുടെ കഴിവുകള്‍ വികസിപ്പിച്ച് ഒരു വരുമാനമാര്‍ഗം കൂടി ലഭ്യമാക്കുന്ന വലിയൊരു പദ്ധതിയാണ് യൂണിവേഴ്‌സല്‍ മാജിക് സെന്റര്‍.