ഭിന്നശേഷി ശാക്തീകരണ വകുപ്പ് (DEPwD) പുറപ്പെടുവിച്ച പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകളുടെ ഫോര്‍മാറ്റില്‍ മാറ്റം വരുത്തി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍.
പുതിയ നിയമപ്രകാരം ശാരീരികമായി ഒരു തരത്തിലുള്ള ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് ഫോം അഞ്ചും ഒന്നിലധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് ഫോം ആറുമാണ് ബാധകമാവുക. എസ്എസ്‌സി മുന്‍പ് പ്രഖ്യാപിച്ച വിജ്ഞാപനങ്ങളില്‍ പരാമര്‍ശിച്ചിരുന്ന 5,6,7 എന്നീ ഫോമുകള്‍ക്ക് പകരമാണിത്.
ഔദ്യോഗിക അറിയിപ്പ് പ്രകാരം 2024 ഒക്ടോബര്‍ 16-ന് ശേഷം വിജ്ഞാപനം പുറപ്പെടുവിച്ചതും നിയമന നടപടികള്‍ ഇപ്പോഴും തുടരുന്നതുമായ പരീക്ഷകള്‍ക്ക്, ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകള്‍ പരിഷ്‌കരിച്ച ഫോര്‍മാറ്റുകളിലോ അല്ലെങ്കില്‍ പഴയ ഫോര്‍മാറ്റുകളിലോ സമര്‍പ്പിക്കാവുന്നതാണ്.
ഇത് കൂടാതെ പിഡബ്ല്യുബിഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പരീക്ഷ എഴുതാന്‍ സ്വന്തമായി സഹായിയെ (Own Scribe) വെക്കാനുള്ള സൗകര്യം പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ തിരഞ്ഞെടുക്കുന്ന സ്‌ക്രൈബിന്റെ പ്രായം നിര്‍ദ്ദിഷ്ട പരീക്ഷ യോഗ്യതായി നല്‍കിയ പ്രായത്തിന് തുല്യമായിരിക്കണം. പത്താം ക്ലാസ്, പ്ലസ് ടു തലത്തിലുള്ള പരീക്ഷകള്‍ എഴുതുന്ന ഒരാള്‍ക്ക് 20 വയസ്സില്‍ കൂടാന്‍ പാടില്ല. ബിരുദതല പരീക്ഷകള്‍ക്ക് ഇത് 22 ആണ്.
ഇങ്ങനെ സ്വന്തമായി തിരഞ്ഞെടുക്കുന്ന പരീക്ഷാസഹായി എസ്എസ്‌സിയില്‍ രജിസ്റ്റര്‍ ചെയ്തവരും ആധാര്‍ അധിഷ്ഠിത സാക്ഷ്യപ്പെടുത്തലിന് വിധേയമായവരുമാകണം. പരീക്ഷാസമയത്ത് ആധാര്‍ സാക്ഷ്യപ്പെടുത്താന്‍ കഴിയാതെ വന്നാല്‍ ഉദ്യോഗാര്‍ഥികള്‍ കമ്മീഷന്‍ നല്‍കുന്ന സഹായിയെ ഉപയോഗിക്കുകയോ സഹായി ഇല്ലാതെ പരീക്ഷ എഴുതുകയോ വേണം.
2025-ലെ എസ്എസ്‌സി ജൂനിയര്‍ എഞ്ചിനീയര്‍, ഡല്‍ഹി പോലീസിലെയും സിഎപിഎഫിലെയും സബ്-ഇന്‍സ്‌പെക്ടര്‍ പരീക്ഷകളുടെ ഒന്നാം പേപ്പര്‍ എഴുതുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി പരീക്ഷാ സ്ലോട്ട് തിരഞ്ഞെടുക്കാനുള്ള സൗകര്യം കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എസ്എസ്‌സി പരീക്ഷാ കലണ്ടര്‍ അനുസരിച്ച്, 2025-ലെ ജൂനിയര്‍ എഞ്ചിനീയര്‍ – സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ – പരീക്ഷയുടെ ഒന്നാം പേപ്പര്‍ (Paper-I) ഡിസംബര്‍ 3 മുതല്‍ ഡിസംബര്‍ 6 വരെ നടത്തപ്പെടും. 2025-ലെ ഡല്‍ഹി പോലീസിലെയും കേന്ദ്ര സായുധ പോലീസ് സേനയിലെയും സബ്-ഇന്‍സ്‌പെക്ടര്‍ പരീക്ഷയുടെ ഒന്നാം പേപ്പര്‍ (Paper-I) ഡിസംബര്‍ 9-നും 12-നും ഇടയില്‍ നടക്കും.
