തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിനുള്ള 35 സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ സർക്കാർ പൂട്ടി. അടിസ്ഥാനസൗകര്യങ്ങളുടെയും ജീവനക്കാരുടെയും അപര്യാപ്തത ഉൾപ്പെടെയുള്ള കാരണങ്ങളാലാണ് അംഗീകാരം റദ്ദാക്കിയത്.
ഭിന്നശേഷി ക്ഷേമം, വികസനം, തൊഴിൽ പരിശീലനം, പുനരധിവാസം, ചികിത്സ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് പട്ടികയിലുള്ളത്. വകുപ്പ് നടത്തിയ പരിശോധനയിൽ അപാകം കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നേരത്തേ നോട്ടീസ് നൽകിയിരുന്നു. അവ പരിഹരിക്കാത്ത സ്ഥാപനങ്ങളുടെ അംഗീകാരമാണ് റദ്ദാക്കിയത്.
സ്ഥാപനങ്ങളുടെ അംഗീകാരം പുതുക്കാൻ വകുപ്പ് ആവശ്യപ്പെട്ട രേഖകൾ പത്തിലേറെ സ്ഥാപനങ്ങൾ സമർപ്പിച്ചില്ല. കുറഞ്ഞത് 20 പേരെങ്കിലും സ്ഥാപനങ്ങളിൽ വേണമെന്ന നിർദേശം പാലിക്കാത്ത സ്ഥാപനങ്ങളുടെ അംഗീകാരവും നഷ്ടമായി. കെട്ടിടത്തിന്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവയും ഇതിലുണ്ട്.
ഈ വർഷം പുതിയതായി നൂറിലേറെ സ്ഥാപനങ്ങൾക്ക് വകുപ്പ് അംഗീകാരം നൽകിയിരുന്നു. ഇവ ഉൾപ്പെടെ 647 സ്ഥാപനങ്ങളാണ് സർക്കാർ അംഗീകാരത്തോടെ സംസ്ഥാനത്തുള്ളത്. ലൈസൻസ് കാലാവധി മൂന്നുവർഷമാണ്.
അംഗീകാരം റദ്ദായ സ്ഥാപനങ്ങളുടെ എണ്ണം
ജില്ല | സ്ഥാപനങ്ങൾ |
തിരുവനന്തപുരം | 6 |
കൊല്ലം | 1 |
ആലപ്പുഴ | 1 |
കോട്ടയം | 1 |
എറണാകുളം | 8 |
തൃശ്ശൂർ | 4 |
കോഴിക്കോട് | 6 |
മലപ്പുറം | 3 |
ഇടുക്കി | 1 |
വയനാട് | 3 |
കാസർകോട് | 1 |