സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ 2024 ലെ സംസ്ഥാന ഭിന്നശേഷി പുരസ്‌കാരം ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പ്രഖ്യാപിച്ചു.

ക്യാഷ് അവാർഡും ട്രോഫിയും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരങ്ങൾ ഡിസംബർ 3 ന് തൃശൂരിൽ നടക്കുന്ന സംസ്ഥാനതല ഭിന്നശേഷി ദിനാചരണത്തിൽ വിതരണം ചെയ്യുമെന്ന് പിആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.

സർക്കാർ മേഖലയിലെ മികച്ച ജീവനക്കാർക്കുള്ള പുരസ്‌കാരത്തിന് ഡോ. ബീനകൃഷ്ണൻ എസ് കെ, എ മുജീബ് റഹ്മാൻ, കൊച്ചുനാരായണി, ഡോ.കെ.പി നിധീഷ് എന്നിവരും സ്വകാര്യ മേഖലയിലെ മികച്ച ജീവനക്കാർക്കുള്ള പുരസ്‌കാരത്തിന് മുഹമ്മദ് ജാബിറും സന്തോഷ് മേനോനും അർഹരായി. ഇരുപത്തി അയ്യായിരം രൂപ വീതമാണ് സമ്മാനത്തുക.

ഭിന്നശേഷിക്കാരെ പ്രോത്സാഹിപ്പിക്കുന്ന മികച്ച സ്വകാര്യ മേഖലാ സ്ഥാപനമായി കെ വി എം ട്രസ്റ്റ് ചേർത്തലയും ഷാലിമാർ സ്റ്റോഴ്സ് തളിപ്പറമ്പും തിരഞ്ഞെടുക്കപ്പെട്ടു. ഭിന്നശേഷിക്കാരുടെ താൽപര്യങ്ങൾക്കായി പ്രവർത്തിക്കുന്ന മികച്ച സർക്കാരേതര സ്ഥാപന വിഭാഗത്തിൽ വയനാടിലെ എംമൗസ് വില്ല റെസിഡൻഷ്യൽ സ്‌കൂൾ ഫോർ മെന്റലി റിട്ടാർഡെഡും കോഴിക്കോട്ടെ തണൽ കരുണ സ്‌കൂൾ ഫോർ ഡിഫറന്റ്ലി ഏബിൾഡ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും എറണാകുളത്തെ കേരള റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി ഫിസിക്കലി അഫക്റ്റഡും പുരസ്‌കാരം നേടി. ഇരുപതിനായിരം രൂപ വീതമാണ് സമ്മാനത്തുക.

ശാരിക എ കെയും പി എ സൂരജും സംസ്ഥാനതല മാതൃകാ വ്യക്തിത്വങ്ങൾക്കുള്ള പുരസ്‌കാരത്തിനും ആൻ മൂക്കനും വചസ് രതീഷും മികച്ച സർഗാത്മക ബാലൻ-ബാലികാ പുരസ്‌കാരത്തിനും അനു ബി യും മുഹമ്മദ് ആസിം പിയും മികച്ച കായിക പ്രതിഭാ പുരസ്‌കാരത്തിനും അർഹരായി. ദേശീയ-അന്തർദേശീയ മികവിന് സജി തോമസും തെരഞ്ഞെടുക്കപ്പെട്ടു. ഇരുപത്തി അയ്യായിരം രൂപ വീതമാണ് സമ്മാനത്തുക.

മികച്ച ജില്ലാ പഞ്ചായത്തായി ആലപ്പുഴയും ജില്ലാ ഭരണകൂടമായി കാസർഗോഡും കോർപ്പറേഷനായി തിരുവനന്തപുരവും മുനിസിപ്പാലിറ്റിയായി നിലമ്പൂരും അവാർഡിനഹരായി. പെരുമ്പടപ്പും മതിലകവും മികച്ച ബ്ലോക്ക് പഞ്ചായത്തുകളായും കതിരൂർ, കാമാക്ഷി എന്നിവയും പുനരധിവാസ കേന്ദ്രമായി കോഴിക്കോട്ടെ പ്രതീക്ഷാ ഭവനും തിരഞ്ഞെടുക്കപ്പെട്ടു.

ആലപ്പുഴ ജില്ലാ പഞ്ചായത്തിനും കാസർഗോഡ് ജില്ലാ ഭരണകൂടത്തിനും ഒരു ലക്ഷം രൂപ വീതം സമ്മാനത്തുകയായി ലഭിക്കും. തിരുവനന്തപുരം കോർപ്പറേഷന് മുൻപ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളതിനാൽ സർട്ടിഫിക്കറ്റും പ്രശംസാപത്രവുമാണ് ലഭിക്കുക. നിലമ്പൂർ മുനിസിപ്പാലിറ്റിക്ക് അൻപതിനായിരം രൂപയും ബ്ലോക്ക് പഞ്ചായത്തുകൾക്കും ഗ്രാമപഞ്ചായത്തുകൾക്കും ഇരുപത്തി അയ്യായിരം രൂപ വീതവും പുനരധിവാസ കേന്ദ്രത്തിന് അൻപതിനായിരം രൂപയും ലഭിക്കും.

ഭിന്നശേഷി സൗഹൃദ സർക്കാർ-സ്വകാര്യ സ്ഥാപന വിഭാഗത്തിൽ ആലപ്പുഴ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസും സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയും നൂതന ഗവേഷണ പദ്ധതികൾക്ക് റോബി ടോമിയും അർഹമായി. ഇരുപത്തി അയ്യായിരം രൂപയാണ് സമ്മാനത്തുക. പൂജ രമേഷ് പ്രത്യേക പരാമർശവും നേടിയതായി മന്ത്രി അറിയിച്ചു.

Exit mobile version