ഭിന്നശേഷി അവാർഡ് 2025 പ്രഖ്യാപിച്ചു

ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ ഭിന്നശേഷി അവാർഡ് 2025 പ്രഖ്യാപിച്ചു. പതിനാറ് വിഭാഗങ്ങളിലായി ആകെ 30 പുരസ്കാരങ്ങളാണ് സമ്മാനിക്കുന്നത്.

സർക്കാർ/പൊതുമേഖലയിലെ മികച്ച ജീവനക്കാരനായി തോമസ് മൈക്കിൾ (കാഴ്ചപരിമിതി), എസ് ബി പ്രസാദ് (ലോക്കോമോട്ടോർ), റിയാസുദ്ദീൻ കെ (കേള്‍വി പരിമിതി) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. സ്വകാര്യമേഖലയില്‍ ഇതേ അവാര്‍ഡുകള്‍ക്ക് അജേഷ് തോമസ്, റിൻയ വി കെ, അനിൽകുമാർ കെ എന്നിവര്‍ അര്‍ഹരായി.

മികച്ച സർക്കാരിതര/പുനരധിവാസ സ്ഥാപനമായി കാഞ്ഞിരോട് തണൽ സ്കൂൾ ഫോർ ഡിഫറന്റ്‌ലി ഏബിൾഡ് തെരഞ്ഞെടുക്കപ്പെട്ടു. ആർപിഡബ്ല്യു ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങളില്‍ വെഞ്ഞാറമൂട് ശ്രദ്ധ കെയർ ഹോം പുരസ്കാരത്തിന് അര്‍ഹമായി. ഭിന്നശേഷിത്വമുള്ള മികച്ച മാതൃകാ വ്യക്തിത്വങ്ങളായി ശിഷ്ണ ആനന്ദും ശ്രേയസ് കിരണും മികച്ച സർഗാത്മക ബാല്യങ്ങളായി മുഹമ്മദ് യാസീൻ, ആദികേശ് പി, അജിന രാജ്, സഞ്ജയ് സി എന്നിവരും തെര‍ഞ്ഞെടുക്കപ്പെട്ടു.

കല, സാഹിത്യം, കായികം മേഖലകളിൽ ഉന്നത നേട്ടങ്ങൾ കരസ്ഥമാക്കിയ മികച്ച ഭിന്നശേഷി വ്യക്തിത്വങ്ങളായി ഷബാന പൊന്നാട്, രാഗേഷ് കൃഷ്ണൻ, പൂജ രമേഷ്, അനിൽകുമാർ ആർ എന്നിവര്‍ പുരസ്കാരം നേടി.

മികച്ച ഭിന്നശേഷി സൗഹൃദ സ്ഥാപനങ്ങളായി എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾഡ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റിഹാബിലിറ്റേഷൻ എന്നിവ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പിന്തുണ നൽകുന്ന വിദ്യാഭ്യാസ സ്ഥാപനമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് പുരസ്കാരം ലഭിച്ചു.

ഭിന്നശേഷി മേഖലയിലെ സേവനങ്ങൾക്കുള്ള മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം കാസർഗോഡ് ജില്ലാ പഞ്ചായത്ത് സ്വന്തമാക്കി. മികച്ച ജില്ലാ ഭരണകൂടത്തിനുള്ള പുരസ്കാരം മലപ്പുറം നേടി. മികച്ച ഗ്രാമ പഞ്ചായത്തായി വേലൂര്‍, വിളയൂർ എന്നിവയും തെരഞ്ഞെടുക്കപ്പെട്ടു.

ഭിന്നശേഷി വിദ്യാഭ്യാസ/പുനരധിവാസ മേഖലയിലെ മികച്ച സേവനത്തിന് തൃശൂർ ജില്ലയിലെ ഭാനുമതി ടീച്ചർ, സംഗീത പരിശീലകരായ കൃഷ്ണ ടീച്ചർ, നിർഷാദ് നിനി എന്നിവരെയും, വിവിധ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചിട്ടുള്ള ഭിന്നശേഷിക്കാരായ ഡോ. എസ്. ശാരദാദേവി, ആസിം വെളിണ്ണ, ധീജ സതീശൻ, ധന്യ രവി, ഗീത സലീഷ്, ജയ ഡാളി എന്നിവരെയും പ്രത്യേകം ആദരിക്കും.

സിനിമ പിന്നണിഗാന രംഗത്ത് സജീവ സാന്നിദ്ധ്യമായ വൈക്കം വിജയലക്ഷ്മി, സംവിധായകനും ഗായകനുമായ ബിബിൻ ജോർജ്, സംവിധായകനും മോട്ടിവേഷൻ സ്പീക്കറുമായ ചോട്ടാ വിപിൻ എന്നിവർക്കും പ്രത്യേക ആദരം അർപ്പിക്കും.

Exit mobile version