UDID കാർഡ്: സംസ്ഥാനതല ഡ്രൈവ് നടത്തുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു

ഭിന്നശേഷിക്കാർക്ക് യുഡിഐഡി കാർഡ് ലഭ്യമാക്കാൻ സംസ്ഥാനതലത്തിൽ ഡ്രൈവ് നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

മെയ് 15നകം പരമാവധി ഭിന്നശേഷിക്കാർക്ക് കാർഡിനായുള്ള രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ അവസരം ഒരുക്കാനാണ് ഡ്രൈവ്. നിലവിൽ രജിസ്റ്റർ ചെയ്തവർക്കുള്ള കാർഡുകൾ ഇതോടൊപ്പം ലഭ്യമാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഡ്രൈവ് നടത്തുക.

2015ലെ സെൻസെസ് പ്രകാരം സംസ്ഥാനത്ത് എട്ടുലക്ഷത്തിൽപ്പരം ഭിന്നശേഷിക്കാർ ഉണ്ടെന്നാണ് കണക്ക്. എന്നാൽ, നിലവിൽ യുഡിഐഡി കാർഡ് ലഭിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി അറുപതിനായിരം മാത്രമാണ്.

ഭിന്നശേഷിവിഭാഗക്കാർക്ക് ഏത് ആനുകൂല്യം ലഭിക്കാനും യുഡിഐഡി കാർഡ് നിർബന്ധമാണ്. അതിനാലാണ് പരമാവധി പേർക്ക് കാർഡ് ലഭ്യമാക്കാൻ സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇക്കാര്യം ആലോചിക്കാൻ ചേർന്ന ഉന്നതതല യോഗത്തിനുശേഷം മന്ത്രി പറഞ്ഞു.

യോഗത്തിൽ സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ്, ഭിന്നശേഷി കമ്മീഷണർ, ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ, കേരള സോഷ്യൽ സെക്യൂരിറ്റി മിഷനിലെയും സാമൂഹ്യനീതി ഡയറക്ട്രേറ്റിലെയും ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഭിന്ന ശേഷിക്കാര്‍ക്കുള്ള വിവിധ ആവശ്യങ്ങള്‍ക്ക് വ്യത്യസ്തമായ വിവിധ സര്‍ട്ടിഫിക്കറ്റ്‌ കൂടെ കൊണ്ട് പോവുന്നത് ഒഴിവാക്കാനും ഭാവിയില്‍ വിവിധ സേവനങ്ങള്‍ ഏറ്റവും എളുപ്പത്തില്‍ ലഭ്യമാക്കാനായി കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പ് സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ചു നല്‍കി വരുന്ന ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ആണ് യുഡിഐഡി.

Exit mobile version