എയ്‌ഡഡ്‌ സ്‌കൂൾ ഭിന്നശേഷി നിയമനം: സംസ്ഥാനതല സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

കേരളത്തിലെ എയ്‌ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്‌തിരിക്കുന്ന തസ്‌തികളില്‍ നിയമനം നടത്താന്‍ സംസ്‌ഥാന, ജില്ലാതല സെലക്‌ഷന്‍ കമ്മിറ്റി രൂപീകരിച്ചു.

സുപ്രീം കോടതി നിര്‍ദേശപ്രകാരമാണു സര്‍ക്കാര്‍ നടപടി. സംവരണം ചെയ്‌ത സീറ്റുകളില്‍ സമയബന്ധിതമായി നിയമനം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനു കോടതി നിര്‍ദേശം നല്‍കിയിരുന്നു.

സംസ്‌ഥാനതലത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്‌ടറാണു സെലക്‌ഷന്‍ കമ്മറ്റി ചെയര്‍മാന്‍. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ടെക്‌നിക്കൽ എഡ്യൂക്കേഷന്‍ തലത്തില്‍ ഹയര്‍സെക്കന്‍ഡറി ഡയറക്‌ടറും ജില്ലാതല സമിതികളില്‍ അതതു ജില്ലാവിദ്യാഭ്യാസ ഓഫീസര്‍മാരുമാണു ചെയര്‍മാന്‍.

ഇതോടെ, സംസ്‌ഥാനത്തെ 4925 എയ്‌ഡഡ്‌ സ്‌കൂളിലും ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്‌തിട്ടുള്ള ടീച്ചിങ്‌, നോണ്‍ ടീച്ചിങ്‌ തസ്‌തികളിലെ നിയമനം സര്‍ക്കാരിന്റെ നിയന്ത്രണത്തിലാകും.

സെലക്‌ഷന്‍ കമ്മറ്റി ശിപാര്‍ശ ചെയ്യുന്നവര്‍ക്കു നിയമനം നല്‍കുക മാത്രമാകും സ്‌കൂള്‍ മാനേജരുടെ ചുമതല. ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്‌ നല്‍കുന്ന സീനിയോറിറ്റി പ്രകാരമുള്ള പട്ടികയില്‍ നിന്നാകും കമ്മിറ്റി സെലക്‌ഷന്‍ നടത്തുക.

വിവരാവകാശ നിയമം ബാധകമായതിനാല്‍, സീനിയോറിറ്റി മറികടന്ന്‌ ജോലി നല്‍കല്‍ എളുപ്പമല്ല. അര്‍ഹരായവര്‍ ചോദ്യംചെയ്യുമെന്നതാണു കാരണം. ഭിന്നശേഷി നിയമനം നടക്കാത്തതിനാല്‍, നിരവധി സ്‌കൂളുകളില്‍ നിയമനം നടന്നിട്ടു വര്‍ഷങ്ങളായി.

കേരള വിദ്യാഭ്യാസച്ചട്ടപ്രകാരം, എയ്‌ഡഡ്‌ സ്‌കൂളുകളിലെ നിയമനം നടത്താനുള്ള അധികാരം മാനേജ്‌മെന്റുകള്‍ക്കാണെന്നു സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍, ഭിന്നശേഷിക്കാരുടെ സംവരണത്തിനു ചട്ടങ്ങളിലെ വ്യവസ്‌ഥകള്‍ നോക്കേണ്ടതില്ലെന്നും അക്കാര്യം തങ്ങള്‍ നോക്കിക്കൊള്ളാമെന്നും കോടതി നിരീക്ഷിച്ചു.

സംസ്‌ഥാനത്തെ 4925 എയ്‌ഡഡ്‌ മാനേജ്‌മെന്റ്‌ സ്‌കൂളുകളില്‍ 2845 മാനേജ്‌മെന്റുകള്‍ മാത്രമാണു ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്‌തിട്ടുള്ള സീറ്റുകളുടെ വിശദാംശങ്ങള്‍ സര്‍ക്കാരിനും എംപ്ലോയ്‌മെന്റ്‌ എക്‌ചേഞ്ചിനും കൈമാറിയത്‌.

2845 സ്‌കൂളുകളിലായി 3023 തസ്‌തികകളാണ്‌ ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്‌തിട്ടുള്ളത്‌. ഇതില്‍ 580 തസ്‌തികകളില്‍ മാത്രമാണു ഭിന്നശേഷിക്കാരെ നിയമിച്ചിട്ടുള്ളത്‌.

സംവരണം ചെയ്‌തിട്ടുള്ളവയില്‍ 1501 തസ്‌തികകളില്‍ ഭിന്നശേഷിക്കാര്‍ അല്ലാത്തവരെ മാനേജ്‌മെന്റുകള്‍ നിയമിച്ചു. ബാക്കിയുള്ള തസ്‌തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്‌.

സംവരണം ചെയ്യപ്പെട്ട തസ്‌തികളില്‍ നിയമനം ലഭിച്ച ഭിന്നശേഷിക്കാര്‍ അല്ലാത്തവരെ തല്‍കാലം പിരിച്ചുവിടേണ്ടെന്നു കഴിഞ്ഞമാസം സുപ്രീം കോടതി വ്യക്‌തമാക്കിയിരുന്നു.

എന്നാല്‍, ഹര്‍ജിയിലെ അന്തിമതീര്‍പ്പിന്‌ അനുസരിച്ചാകും ഇവരുടെ നിയമനത്തിന്റെ സാധുതയെന്നും അറിയിച്ചിരുന്നു. ഇതോടെയാണു ഭിന്നശേഷി സംവരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി ആരംഭിച്ചത്‌.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button